ആർഎസ്എസിനെ സിനിമ മോശമായി ചിത്രീകരിക്കുന്നെന്നും, സിനിമ മത- സാമുദായിക ഐക്യം തകർക്കുമെന്നും ഹർജിയിൽ പറയുന്നു. ആര്‍എസ്എസ് ചേരാനല്ലൂര്‍ ശാഖയിലെ മുഖ്യശിക്ഷക് എംപി അനില്‍ ആണ് സിനിമക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 

കൊച്ചി: ഹാല്‍ സിനിമയെ എതിര്‍ത്ത് ഹൈക്കോടതിയിൽ ആർഎസ്എസിൻ്റെ ഹർജി. ആർഎസ്എസിനെ സിനിമ മോശമായി ചിത്രീകരിക്കുന്നെന്നും, സിനിമ മത- സാമുദായിക ഐക്യം തകർക്കുമെന്നും ഹർജിയിൽ പറയുന്നു. ആര്‍എസ്എസ് ചേരാനല്ലൂര്‍ ശാഖയിലെ മുഖ്യശിക്ഷക് എംപി അനില്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഹാലിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിർമാതാക്കൾ നൽകിയ ഹർജിയിൽ കക്ഷി ചേരാനാണ് അപേക്ഷ. സിനിമ വിവാദത്തിൽ കേരള ഹൈക്കോടതി ചിത്രം കണ്ടിരുന്നു.

ഹാല്‍ സിനിമയിലെ 'ധ്വജപ്രണാമം, സംഘം കാവലുണ്ട്' എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് നിര്‍ദ്ദേശിച്ചത്. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആകെ 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. പിന്നാലെ സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിർമ്മാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന 'ഹാല്‍' സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായി എത്തുന്ന 'ഹാൽ' സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്.

YouTube video player