മൂന്ന് സ്ഥാപനങ്ങളാണ് ജസ്റ്റിസ് രാമചന്ദ്രൻ നായർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ നിലവിൽ കേസിൽ അന്വേഷണം നടക്കുന്നതിനാൽ ഹർജിയിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി
ദില്ലി: പാതിവില തട്ടിപ്പ് കേസിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്ക് എതിരായ ആരോപണം ക്രൈം ബ്രാഞ്ച് രൂപീകരിച്ച പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. പാതിവില തട്ടിപ്പ് കേസിലെ ആരോപണ വിധേയരുടെ പട്ടികയിൽ നിന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരുടെ പേര് ഹൈക്കോടതി നീക്കിയത് റദ്ദാക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.
മൂന്ന് സ്ഥാപനങ്ങളാണ് ജസ്റ്റിസ് രാമചന്ദ്രൻ നായർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ നിലവിൽ കേസിൽ അന്വേഷണം നടക്കുന്നതിനാൽ ഹർജിയിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സാധാരണക്കാർക്ക് ലഭിക്കാത്ത സൗകര്യമാണെന്നും ഇത് തെറ്റായ സന്ദേശം നൽകുമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുവിദത്ത് സുന്ദരം കോടതിയില്‍ വ്യക്തമാക്കി.
റിട്ടയേഡ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്തതിൽ നേരത്തെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. മനസ്സർപ്പിച്ചാണോ കേസെടുക്കാൻ പൊലീസ് തീരുമാനമെടുത്തതെന്ന് ഫെബ്രുവരിയില്‍ കോടതി ചോദിച്ചിട്ടുണ്ട്. ഭരണഘടനാ പദവി വഹിച്ച ആൾക്കെതിരെയാണ് കേസെടുത്തത്. ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യതയെ ബാധിക്കും. തെളിവുകളുണ്ടെങ്കിൽ അറിയിക്കൂവെന്നും കോടതി നിർദേശിച്ചിരുന്നു.
പൊലീസ് പ്രാഥമിക പരിശോധന പോലും നടത്താതെയാണ് തനിക്കെതിരെ കേസെടുത്തതെന്ന് നേരത്തെ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പ്രതികരിച്ചിരുന്നു. 'എൻജിഒ കോൺഫെഡറേഷന്റെ ഉപദേഷ്ടാവ് ആയിരുന്നു ഞാൻ. ഫെഡറേഷന്റെ രക്ഷാധികാരിയല്ല. തെറ്റിദ്ധാരണയാണോ മറ്റെന്തെങ്കിലും ആണോ കേസെടുക്കാൻ കാരണമെന്ന് അറിയില്ല. മുനമ്പം കമ്മിഷന്റെ പ്രവർത്തനം മുടക്കാൻ ഒരുപാട് പേർ ഉണ്ടായിരുന്നു. മുനമ്പം കമ്മീഷൻ ആയതുകൊണ്ടാണോ കേസ് വന്നതെന്ന് സംശയിക്കുകയാണ്. പൊലീസിന്റെ നടപടി തിടുക്കത്തിലുള്ളതായിരുന്നു'- എന്നായിരുന്നു ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരുടെ പ്രതികരണം.
തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി ഒരു ബന്ധവുമില്ല. സായിഗ്രാം ഡയറക്ടർ ആനന്ദകുമാറുമായി പരിചയമുണ്ട്. നാഷണൽ എൻജിഒ കോൺഫെഡറേഷനുമായുള്ള ബന്ധം 2024 ൽ അവസാനിപ്പിച്ചിരുന്നു. ഉപദേഷ്ടാവ് ആയിരുന്നു. പണം പിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് ബന്ധം ഉപേക്ഷിച്ചത്. പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്
പാതിവില തട്ടിപ്പിന്‍റെ ഭാഗമായി കെഎസ്എസ് അങ്ങാടിപ്പുറം എന്ന ഏജൻസിയിലൂടെ 34 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ അനന്തകുമാര്‍ ഒന്നാം പ്രതിയും അനന്തു കൃഷ്ണൻ രണ്ടാം പ്രതിയുമായിരുന്നു. നാഷണൽ എൻജിഒ കോൺഫഡറേഷൻ മലപ്പുറം രക്ഷാധികാരിയെന്ന പേരിലാണ് സി എൻ രാമചന്ദ്രൻ നായരെ കേസില്‍ മൂന്നാം പ്രതിയാക്കി പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിരുന്നത്.

