Asianet News MalayalamAsianet News Malayalam

40ഓളം കേസില്‍ പ്രതി; എസ്എഫ്ഐ സെക്രട്ടറിക്ക് ചട്ടങ്ങൾ മറികടന്ന് ഹാള്‍ടിക്കറ്റ് നല്‍കി, ആർഷോക്കെതിരെ പരാതി

പരീക്ഷ എഴുതാനുള്ള ഹാജര്‍ എസ്എഫ്ഐ നേതാവിനില്ലെന്നും നാല്‍പ്പതോളം കേസുകളിൽ പ്രതിയായ ആർഷോയ്ക്ക് കോളേജ് അധികൃതർ വ്യാജ രേഖ ഉണ്ടാക്കിയാണ് പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് നൽകിയതെന്നുമാണ് പരാതിയില്‍ പറയുന്നത്.

hall ticket issued breaking rules youth congress complaint against sfi state secretary pm arsho
Author
Kochi, First Published Jul 22, 2022, 10:36 AM IST

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി (SFI State Secretary) ആർഷോ പി എമ്മിന് (Arsho P M) ചട്ടങ്ങൾ മറികടന്ന് പരീക്ഷ എഴുതാൻ ഹാൾടിക്കറ്റ് നൽകിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി. പരീക്ഷ എഴുതാനുള്ള ഹാജര്‍ എസ്എഫ്ഐ നേതാവിനില്ലെന്നും നാല്‍പ്പതോളം കേസുകളിൽ പ്രതിയായ ആർഷോയ്ക്ക് കോളേജ് അധികൃതർ വ്യാജ രേഖ ഉണ്ടാക്കിയാണ് പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് നൽകിയതെന്നുമാണ് പരാതിയില്‍ പറയുന്നത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാനാണ് പരാതി നൽകിയിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിൽ ആർക്കിയോളജി ആന്‍ഡ് മെറ്റീരിയൽ സ്റ്റഡീസ് ഇന്‍റഗ്രേറ്റഡ് പിജി  വിദ്യാർത്ഥിയാണ് ആർഷോ. ജാമ്യഹർജി ഹൈക്കോടതിയും തള്ളിയതോടെ നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ആർഷോ. വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി നേരത്തെ ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു.

നീറ്റ് പരീക്ഷ; വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച അധികൃതർക്കെതിരെ നടപടി വേണമെന്ന് എസ്എഫ്ഐ

ജാമ്യത്തിലിറങ്ങിയശേഷം സമാന കുറ്റകൃത്യം ആവർത്തിച്ചെന്നായിരുന്നു പരാതി. വിവിധ അക്രമ കേസുകളിൽ പ്രതിയായ ആർഷോ ജൂണ്‍ 12ന് രാവിലെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ആർഷോയെ പിടികൂടാത്തതിൽ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളിൽ പ്രതിയായതോടെയാണ് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്. തുടര്‍ന്ന് എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലും പൊതുപരിപാടികളിൽ പങ്കെടുത്തിട്ടും പൊലീസ് പിടികൂടിയിരുന്നില്ല.

പൊലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി മലപ്പുറത്തെ എസ്എഫ്ഐ സമ്മേളത്തിൽ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ ഡിജിപിക്ക് പരാതിയും നൽകിയിരുന്നു. കൊച്ചിയിൽ നിസ്സാമുദ്ദീൻ എന്ന വിദ്യാർത്ഥിയെ ആക്രമിച്ചതിന് അറസ്റ്റിലായ ആർഷോ ജാമ്യവ്യസ്ഥ വ്യവസ്ഥകൾ ലംഘിച്ച് ഒളിവിലാണെന്നായിരുന്നു അന്ന് യൂത്ത് കോൺഗ്രസ് നല്‍കിയ പരാതിയിൽ പറയുന്നത്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് ജാമ്യമില്ല; ആര്‍ഷോയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന പി എം ആർഷോയെ പെരിന്തൽമണ്ണയിൽ നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനാണ്  സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായതോടെ ആർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും ആർഷോ പ്രതിയാണ്.

സമര കേസുകളിലും നിരവധി  സംഘർഷങ്ങളിലും പ്രതിയായ പി എം ആർഷോ കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയായിരുന്നു. ഈ വർഷം ഫെബ്രുവരി 28നാണ് ഹൈക്കോടതി ആർഷോയുടെ ജാമ്യം റദ്ദാക്കുന്നത്. 2018ൽ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മർദ്ദിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളിൽ തുടർന്നും ആർഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനിൽ തോമസ് അധ്യക്ഷനായ ബഞ്ച് പിഎം ആർഷോയുടെ ജാമ്യം റദ്ദാക്കിയത്.

എന്നാൽ, പൊലീസ് ഒളിവിലാണെന്ന് ഹൈക്കോടതിയെ അറിയിച്ച വിദ്യാർത്ഥി നേതാവ് പെരിന്തൽമണ്ണയിൽ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഉടനീളം പങ്കെടുത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സമ്മേളനം അവസാനിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എം ജി സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിലും ആർഷോ പ്രതിയാണ്.

ജാതിപേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് ആർഷോക്കെതിരെ അന്ന് ഉയർന്നത്. അപ്പോഴും എസ്എഫ്ഐ ആർഷോക്ക് പിന്തുണ നൽകിയിരുന്നു. എറണാകുളം ലോ കോളേജിൽ റാഗിംഗ് പരാതിയിലും ആർഷോ പ്രതിയാണ്. ഇത്തവണ 25 വയസ്  പ്രായപരിധി കർശനമാക്കിയതോടെ എസ്എഫ്ഐ നേതൃത്വത്തിൽ നിന്നും വലിയനിര ഒഴിവായതിനെ തുടർന്നാണ് സെക്രട്ടറി സ്ഥാനത്തെക്ക് ആർഷോയെ പരിഗണിച്ചത്. 

Follow Us:
Download App:
  • android
  • ios