പരാതി കൊടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയെന്ന് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറിലാണ് മണികണ്ഠൻ പറഞ്ഞത്. 

തിരുവനന്തപുരം: വെമ്പായത്ത് നോക്കുകൂലി കൊടുക്കാത്തതിന് കരാറുകാരനെ യൂണിയൻകാർ മർദ്ദിച്ച സംഭവത്തിൽ ലേബർ കമ്മീഷണറോട് (labour commissioner) റിപ്പോർട്ട് തേടിയെന്ന് തൊഴിൽ മന്ത്രി(labour Minister). മർദ്ദനമേറ്റതിന് പിന്നാലെ വീട് പണിക്ക് സ്റ്റോപ്പ് മെമ്മോ നൽകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭീഷണിപ്പെടുത്തിയെന്ന് കരാറുകാരൻ ഇന്നും ആവർത്തിച്ചു. എന്നാൽ ഭീഷണിപ്പെടുത്തിയില്ലെന്നും അനുമതിയില്ലാതെയും റോ‍ഡ് കയ്യേറിയുമാണ് നിർമ്മാണമെന്നും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിശദീകരിച്ചു

പരാതി കൊടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയെന്ന് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറിലാണ് മണികണ്ഠൻ പറഞ്ഞത്. പണി നടക്കുന്ന സ്ഥലത്തെത്തിയപ്പോഴും ഇന്നും ഇക്കാര്യം മണികണ്ഠൻ ആവർത്തിച്ചു. അതേ സമയം മണികണ്ഠൻറെ പരാതി തള്ളുകയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്. മാത്രമല്ല അനുമതിയില്ലാതെയാണ് പണി തുടങ്ങിയതെന്നുമാണ് പഞ്ചായത്ത് നിലപാട്.

Read More: നോക്കുകൂലി നൽകാൻ വിസമ്മതിച്ച കരാറുകാരന് യൂണിയൻ തൊഴിലാളികളുടെ ക്രൂര മർദ്ദനം

യൂണിയൻകാർ കരാറുകാരെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്നാണ് സർക്കാറിന്റെ ഉറപ്പ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നാട്ടുകാവ് കടുവാക്കുഴിയിൽ നോക്കുകൂലി നൽകാത്തിന് കരാറുകാരനെ കയറ്റിറക്ക് തൊഴിലാളികള്‍ മർദ്ദിച്ചത്. സിഐടിയു-ഐഎൻടിയുസി തൊഴിലാളികളാണ് കരാറുകാരനായ മണികണ്ഠനോട് 10,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടത്.

സംഭവിച്ചത്...

പോത്തൻകോട് കടുവാക്കുഴിയിലാണ് വീട് നിർമ്മാണ കരാറുകാരനായ മണികണ്ഠനെ സിഐടിയു - ഐഎൻടിയുസി യൂണിയൻ തൊഴിലാളികൾ മർദ്ദിച്ചത്. വീടിന്റെ കോൺക്രീറ്റിന് വേണ്ടി കഴിഞ്ഞ ദിവസം കമ്പി ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിഐടിയു - ഐഎൻടിയുസി പ്രവർത്തകർ 10,000 നോക്കുകൂലി ആവശ്യപ്പട്ടിരുന്നു. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്ന് കരാറുകാരൻ മണികണ്ഠൻ ഇവരെ അറിയിച്ചു.

ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. സിഐടിയു-ഐഎൻടിയുസി- എഐടിയുസി പ്രവർത്തകരാണ് അറസ്റ്റിലായത്. മുരളീധരൻനായർ, വേണുഗോപാലൻനായർ, വിജയകുമാർ, ജയകുമാർ, അനിൽകുമാർ എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. കവർച്ചക്കാണ് ഇവർക്കെതിരെ കേസെടുത്തതത്. 

ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത് എന്നാണ് സർക്കാർ നിലപാടെന്ന് വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു. വ്യവസായികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാരിനുള്ളത്. വ്യവസായികൾക്ക് എല്ലാ സൗകര്യവും ഉറപ്പാക്കും. നോക്കുകൂലി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.