തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ ചുമതലയേറ്റതിന് പിന്നാലെ രണ്ട് ജില്ലകളിലെ ബിജെപി അധ്യക്ഷന്‍മാരെ പാര്‍ട്ടി പ്രഖ്യാപിച്ചു. എന്‍.ഹരിദാസാണ് പുതിയ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ്. നിലവിലെ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്‍റ്  കെ.ശ്രീകാന്ത് ആ സ്ഥാനത്ത് തുടരും. ഇനി കോട്ടയം, എറണാകുളം ജില്ലകളില്‍ കൂടി ബിജെപി ജില്ലാ പ്രസിഡന്‍റുമാരെ പ്രഖ്യാപിക്കാന്‍ ഉണ്ട്. 

സംസ്ഥാനത്തെ പത്ത് ജില്ലകളിലും നേരത്തെ തന്നെ ബിജെപി ജില്ലാ പ്രസിഡന്‍റുമാരെ തീരുമാനിച്ചെങ്കിലും തര്‍ക്കം മൂലം കോട്ടയം, കണ്ണൂര്‍, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ പ്രഖ്യാപനം മാറ്റി വച്ചിരിക്കുകയായിരുന്നു. 

ശ്രീകാന്തിന് പകരം രവീശതന്ത്രി കുണ്ടാറെ ജില്ലാ പ്രസിഡന്‍റായി നിയമിക്കണമെന്ന ആവശ്യവുമായി കൃഷ്ണദാസ് പക്ഷം രംഗത്ത് വന്നതോടെയാണ് കാസര്‍ഗോഡ് തര്‍ക്കമുണ്ടായത്. ഇപ്പോള്‍ പുതുതായി ചുമതലയേറ്റ അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കാസര്‍ഗോഡ് ജില്ലാ അധ്യക്ഷനായി കെ.ശ്രീകാന്ത് തുടരാന്‍ തീരുമാനിച്ചത്. അതേസമയം കണ്ണൂരില്‍ എന്‍.ഹരിദാസ് ജില്ലാ അധ്യക്ഷനായി വന്നത് അപ്രതീക്ഷിതമായിട്ടാണ്. 

നിലവില്‍ തര്‍ക്കം തുടരുന്ന കോട്ടയം, എറണാകുളം ജില്ലകളിലും സമവായമുണ്ടാക്കി അധ്യക്ഷന്‍മാരെ പ്രഖ്യാപിക്കുമെന്നും ഇതോടൊപ്പം നിയോജകമണ്ഡലം പ്രസിന്‍റുമാരുടെ പ്രഖ്യാപനവും ഉടനെയുണ്ടാകുമെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതോടെ ജനറല്‍ സെക്രട്ടറിമാരുടെ നിയമനം സംബന്ധിച്ച തര്‍ക്കം രൂക്ഷമായി. 

കെ.സുരേന്ദ്രന് കീഴില്‍ ജനറല്‍ സെക്രട്ടറിമാരായി പ്രവര്‍ത്തിക്കാനില്ലെന്ന നിലപാടിലാണ് എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍. ഇവരെ അനുനയിപ്പിക്കാനും നേതാക്കളെ നിര്‍ണായക സ്ഥാനങ്ങളിലേക്ക് കൊണ്ടു വന്നു ഒത്തുതീര്‍പ്പുണ്ടാക്കാനുമുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നതായാണ് വിവരം. 

രണ്ട് ജില്ലകളിലെ അധ്യക്ഷന്‍മാരേയും ജനറല്‍ സെക്രട്ടറിമാരേയും നിയോജകമണ്ഡലം പ്രസിഡന്‍റുമാരേയും പ്രഖ്യാപിച്ച് സംസ്ഥാന ബിജെപിയിലെ പുനസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പുതിയ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍.