Asianet News MalayalamAsianet News Malayalam

എംഎസ്എഫിനെതിരായ ലൈംഗികാധിക്ഷേപ പരാതി, ഒത്തുതീർപ്പിന് മുസ്ലീം ലീഗിൽ നീക്കം

ഹരിത നേതാക്കളുടേത് നടപടി അച്ചടക്ക ലംഘനമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞെങ്കിലും അവർക്കെതിരെ പെട്ടന്ന് നടപടികളിലേക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം. 

haritha muslim league women wing complaint against msf leader updates
Author
Malappuram, First Published Aug 14, 2021, 7:40 AM IST

മലപ്പുറം: എംഎസ്എഫ് നേതാക്കൾക്കെതിരെ ഹരിത ഭാരവാഹികൾ വനിതാ കമ്മീഷന് പരാതി നൽകിയ സംഭവം
ഒത്തുതീർപ്പാക്കാൻ മുസ്ലീം ലീഗിൽ തിരക്കിട്ട നീക്കം. എം.എസ്.എഫ് -ഹരിത നേതാക്കളുമായി കൂടിയാലോചിച്ച് ഒത്തുതീർപ്പുണ്ടാക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. ഹരിത നേതാക്കളുടേത് നടപടി അച്ചടക്ക ലംഘനമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞെങ്കിലും അവർക്കെതിരെ പെട്ടന്ന് നടപടികളിലേക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം. 

വിഷയം കൈകാര്യം ചെയ്തതിൽ എംഎസ്എഫ് നേതാക്കൾക്ക്‌ വീഴ്ച്ചയുണ്ടായെന്നും മുസ്ലീം ലീഗ് നേതൃത്വത്തിന് അഭിപ്രായമുണ്ട്. ഇരുവിഭാഗത്തിനും താക്കീത് നൽകി പ്രശ്നം അവസാനിപ്പിക്കാനാണ് നീക്കം. നിയമസഭാ സമ്മേളനത്തിനു ശേഷം ഇന്ന് മലപ്പുറത്തെത്തുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുമായി ആലോചിച്ച ശേഷമാകും അന്തിമ തീരുമാനം. 

എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംഘടനയിലെ വനിതാ വിഭാഗത്തിലെ നേതാക്കളാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗീക അധിക്ഷേപം നടത്തിയെന്ന് കാട്ടി നല്‍കിയ പരാതി ലീഗ് നേതൃത്വം അവഗണിച്ചതോടെയാണ് 10 വനിതാ നേതാക്കള്‍ കമ്മീഷനെ സമീപിച്ചത്.  

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് സംഭവം നടന്നത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്‍റെയും പ്രതികരണം. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു

മുസ്ലിം ലീഗ് നേതൃത്വത്തിന് നേരത്തെ നല്‍കിയ പരാതിയില്‍ കൂടുതല്‍ ഗുരുരമായ ആരോപണങ്ങളാണുളളത്. ഹരിത പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാത്തവരാണെന്നും വിവാഹം കഴിഞ്ഞാല്‍ കുട്ടികളുണ്ടാകാന്‍ സമ്മതിക്കാത്തവരാണെന്നും പ്രത്യേക തരം ഫെമിനിസം പാര്‍ട്ടിയില്‍ വളര്‍ത്തുകയാണെന്നുമുളള തരത്തിലാണ് അധിക്ഷേപം. തങ്ങള്‍ പറയുന്നതേ ചെയ്യാവൂ എന്നാണ് എംഎസ്എഫ് നേതാക്കളുടെ ഭാവം. ഈ പരാതിയില്‍ ലീഗ് നേതൃത്വം യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹര്യത്തിലാണ് ഹരിത നേതാക്കള്‍ വനിത കമ്മീഷനെ സമീപിച്ചത്.

Follow Us:
Download App:
  • android
  • ios