കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം. പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 278 പേരെ പൊലീസ് കസ്റ്റഡിയിലെത്തു. 184 പേര്‍ കരുതല്‍ തടങ്കലിലാണ്.

വെല്‍ഫെയര്‍പാര്‍ട്ടി, എസ്ഡിപിഐ, പോരാട്ടം തുടങ്ങിയ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമായിരുന്നെങ്കിലും അക്രമങ്ങള്‍ക്ക് കുറവുണ്ടായില്ല. വടക്കന്‍ കേരളത്തിലായിരുന്നു അക്രമങ്ങള്‍ കൂടുതല്‍. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ച സമരക്കാര്‍ പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തി. പാലക്കാട്ടും വയനാട്ടിലും കോഴിക്കോട്ടും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. വയനാട് പുൽപ്പള്ളിയിലും വെള്ളമുണ്ടയിലും കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. കൊല്ലത്തും ആലുവ കുട്ടമശ്ശേരിയിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. 

തിരുവനന്തപുരത്തെ തമ്പാനൂരിൽ എസ്ഡിപിഐ പ്രവർത്തകർ നടത്തിയ മാർച്ചിനിടെയുണ്ടായ കല്ലേറിൽ വഴിയാത്രക്കാരന് പരിക്കേറ്റു. ഹർത്താലനുകൂലികൾ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തിയ ഒരു സംഘം വിദ്യാര്‍ത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാഞ്ചേരിയിലും മുഹമ്മയിലും കെഎസ്ആർടിസി ബസിന്റെ താക്കോൽ ഹർത്താൽ അനുകൂലികൾ ഊരിയെടുത്തു. കോട്ടയം ഈരാറ്റുപേട്ടയിൽ ബസ് തടഞ്ഞ സമരാനുകൂലികളെ അറസ്റ്റ് ചെയ്ത് നീക്കി.  

കണ്ണൂരിൽ ദേശീയപാത ഉപരോധിച്ച വെൽഫയർ പാർട്ടി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കാൾടെക്സ് ജംഗ്ഷനിൽ ഹർത്താൽ അനുകൂലികൾ ലോറി തടഞ്ഞു താക്കോൽ ഊരിയെടുത്ത് ഓടി. കോഴിക്കോട് കുറ്റ്യാടിയിലും കക്കോടിയിലും കടകള്‍ അടപ്പിക്കാനിറങ്ങിയ സമരക്കാർക്ക് നേരെ പൊലീസ് ലാത്തിവീശി. കോഴിക്കോട്ട് പോരാട്ടം നേതാവ് ഗ്രോ വാസുവിനെയെും തളിപ്പറമ്പിൽ ക്യാമ്പസ് ഫ്രണ്ട് നേതാവ് അബൂബക്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് വിവിധയിടങ്ങളിലായി 17 പേരും കോഴിക്കോട്  20ലേറെ പോരും കരുതല്‍ തടങ്കലിലുണ്ട്. സംസ്ഥാനത്താകെ 184 പേര്‍ കരുതല്‍ തടങ്കലിലാണ്. അതേസമയം, സംസ്ഥാനത്ത് പരീക്ഷകളെല്ലാം മുൻനിശ്ചയിച്ച പ്രകാരം തന്നെ നടന്നു. എന്നാല്‍, ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജർ കുറവാണ്.

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി, എസ്‍ഡിപിഐ, ബിഎസ്പി, ഡിഎച്ച്ആര്‍എം, പോരാട്ടം തുടങ്ങിയ സംഘടനകളാണ് ഇന്നത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.