റാപ്പർ വേടനെതിരായ വിദ്വേഷ പ്രസംഗത്തിൽ കേസരി മുഖ്യപത്രാധിപർ എൻ.ആർ മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പൊലീസ് കേസെടുത്തു.
കൊല്ലം: റാപ്പർ വേടനെതിരായ വിദ്വേഷ പ്രസംഗത്തിൽ കേസരി മുഖ്യപത്രാധിപർ എൻ.ആർ മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പൊലീസ് കേസെടുത്തു. സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധൻ്റെ പരാതിയിലാണ് കേസെടുത്തത്. കലാപ ആഹ്വാനത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞു.
ആഹാരം തൃപ്തി തോന്നണമെങ്കിൽ ഇപ്പോൾ അറേബ്യൻ ഫുഡ് കഴിക്കണമെന്നായിരുന്നു പ്രസംഗത്തിൽ പറഞ്ഞ മറ്റൊരു കാര്യം. ഷവർമ്മ എന്നാൽ ശവ വർമ്മയാണ്. ഷവർമ്മ കഴിച്ച് മരിച്ചവരെല്ലാം വർമ്മമാരാണ്. ഷവർമ്മ കഴിച്ച് മരിച്ചവരിൽ ആയിഷയും, മുഹമ്മദും, തോമസും ഇല്ല. പക്ഷേ അതിൽ വർമ്മയുണ്ട്. അതുകൊണ്ടാണ് പേര് ഷവർമ്മയെന്നായത്. കരിഞ്ഞ മാംസത്തിൻ്റെ ഗന്ധമാണ് നമ്മുടെ തെരുവുകളിൽ. ശ്മശാനത്തിൽ കൂടി കടന്നു പോകുന്ന പ്രതീതിയാണെന്നും മധു പറഞ്ഞു.



