തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സർക്കാർ നടത്തുന്ന രാഷ്ട്രീയ നീക്കമാണ് കേസെന്നും ജാമ്യം ലഭിച്ച ശേഷം ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന തരത്തിൽ ഒരു പ്രസ്താവനകളും നടത്തിയിട്ടില്ലെന്നും പി സി ജോർജ് ഹർജിയിൽ പറയുന്നു.

തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മുൻ എംഎൽഎ പി സി ജോർജിന്‍റെ (P C George) ജാമ്യം റദ്ധാക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിൽ തർക്ക ഹർജി സമർപ്പിച്ചു. ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് കേസെന്ന് പി സി ജോർജ് ഹർജിയിൽ പറയുന്നു. ഹർജിയിൽ വെള്ളിയാഴ്ച (മെയ്‌ 20) പരിഗണിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യാൽ മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് കേസ് പരിഗണിക്കുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സർക്കാർ നടത്തുന്ന രാഷ്ട്രീയ നീക്കമാണ് കേസെന്നും ജാമ്യം ലഭിച്ച ശേഷം ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന തരത്തിൽ ഒരു പ്രസ്താവനകളും നടത്തിയിട്ടില്ലെന്നും പി സി ജോർജ് ഹർജിയിൽ പറയുന്നു. പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽകുന്നതായി പറഞ്ഞു. ഈ കാര്യം പ്രോസീക്യൂഷൻ തെറ്റായി ചിത്രീകരിക്കുകയാണെന്നാണ് പി ജി ജോര്‍ജിന്‍റെ വാദം. കേസ് ബലപെടുത്തുവാൻ വേണ്ടി പൊലീസ് നടത്തുന്ന പരാക്രമങ്ങളുടെ ഭാഗമാണ് എറണാകുളത്ത് രജിസ്റ്റർ ചെയ്ത എഫ്ഐആറെന്നും പി സി ജോർജ് ആരോപിക്കുന്നു.

ഏപ്രിൽ 29 ന് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പി സി ജോർജിന്‍റെ പ്രസംഗമാണ് കേസിനസ്പദമായ സംഭവം. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോർജിന്‍റെ പ്രസംഗം വൻ വിവാദത്തിലായിരുന്നു. ജോർജിന്‍റെ പ്രസംഗത്തിലെ പരമാർശങ്ങൾക്കെതിരെ യൂത്ത് ലീഗും ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകി. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു പി സി ജോർജിന്‍റെ അറസ്റ്റും തുടര്‍ നടപടികളും. വെണ്ണലയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിൽ കഴിഞ്ഞ ദിവസം വീണ്ടും പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരത്തെ പരാതി

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോള്‍ പി സി ജോർജ് നടത്തിയ പരാമര്‍ശങ്ങളാണ് ആദ്യം വിവാദമായത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും പിസി ജോ‍ർജിനെതിരായ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ പറയുന്നു. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നി‍ര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിക്കാര്‍ ഉന്നയിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പി സി മണിക്കൂറുകൾക്കകം കോടതി ജാമ്യത്തിൽ ഇറങ്ങിയിരുന്നു.

മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്

കഴിഞ്ഞ ദിവസം വെണ്ണലയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് പി സി ജോർജിനെതിരെ കൊച്ചി സിറ്റി പൊലീസിന്‍റ് കേസെടുത്തത്. തിരുവനന്തപുരം കിഴക്കോക്കട്ടയിലെ വിദ്വേഷ പ്രസംഗത്തിനെതിരായ കേസിൽ പി സി ജോ‍ർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പുതിയ സംഭവം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയിൽ പി സി ജോർജ് വിദ്വേഷപ്രസംഗം നടത്തിയത്. വിവാദ ഇടനിലക്കാരൻ നന്ദകുമാർ ഭാരവാഹിയായ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്‍റെ സമാപനത്തിലാണ് മുസ്ലീം മതവിഭാഗത്തെ അധിക്ഷേപിച്ച് പി സി ജോർജ് വീണ്ടും രംഗത്തെത്തിയത്.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഐപി സി 153 എ, 295 എ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തത്. സമുദായ സ്പർഥയുണ്ടാക്കൽ, മനപ്പൂര്‍വമായി മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിത്. ആരാധനാകേന്ദ്രത്തിൽ വെച്ചാണ് കുറ്റകൃത്യമെങ്കിൽ അഞ്ചുവർഷം വരെ തടവുശിക്ഷ കിട്ടാം. സമാനകുറ്റം ആവർത്തിച്ച സാഹചര്യത്തിൽ ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.