കാസര്‍കോട്: എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണ്ടെന്ന കേന്ദ്ര തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കെ സുരേന്ദ്രൻ. ശബരിമലയില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞെന്ന ആരോപണത്തില്‍ എസ്‍പി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ നൽകിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പരാതി തള്ളിയതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമാക്കിയത്. സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷം വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോഴാണ് യതീഷ് ചന്ദ്രക്കെതിരായ കേസ് തള്ളിയ കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. 

ശബരിമലയിലേക്ക് എത്തിയ കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണന്‍റെ അകമ്പടി വാഹനങ്ങൾ നിലക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടാൻ കഴിയില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്ര നിലപാടെടുത്തതും തുടര്‍ന്നുണ്ടായ വാക് തര്‍ക്കങ്ങളുമാണ് പരാതിക്ക് അടിസ്ഥാനം. സംഭവം നാണക്കേടായി എടുത്ത ബിജെപി സംസ്ഥാന നേതൃത്വം യതീഷ് ചന്ദ്രക്കെതിരെ കടുത്ത പരാമര്‍ശങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഒപ്പം നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പരാതിയും നൽകി. സംഭവത്തിൽ യതീഷ് ചന്ദ്രയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭവും ബിജെപി സംഘടിപ്പിച്ചിരുന്നു. 

സംഭവത്തെ കുറിച്ച് വ്യക്തതയില്ലെന്നും കേസ് അവസാനിപ്പിച്ച വിവരം അറിയില്ലെന്നുമാണ് ബിജെപി നേതാവ് എം എസ് കുമാര്‍ വാര്‍ത്തയോട് പ്രതികരിച്ചത്. യതീഷ് ചന്ദ്രക്ക് എതിരായ പരാതി അങ്ങനെ അവസാനിപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന് കഴിയില്ല. ഉദ്യോഗസ്ഥൻ മര്യാദവിട്ട് പെരുമാറിയ സംഭവത്തിൽ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അപലപനീയമാണെന്നുമാണ് സംസ്ഥാന ബിജെപി നേതൃത്വത്തിന്‍റെ പ്രതികരണം.