Asianet News MalayalamAsianet News Malayalam

സര്‍ക്കാരിന് തിരിച്ചടി, ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കില്ല; അന്വേഷണത്തില്‍ വീഴ്ചയെന്നും ഹൈക്കോടതി

 ശ്രീറാമിന് ജാമ്യം അനുവദിച്ച കീഴ്ക്കോടതി നടപടി ഹൈക്കോടതി ശരിവച്ചു.
 

hc dismisses state govt plea for revoking bail of sriram venkittaraman
Author
Cochin, First Published Aug 13, 2019, 1:00 PM IST

കൊച്ചി:  മാധ്യമ പ്രവര്‍ത്തകന്‍ എം ബി ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി. ശ്രീറാമിന് ജാമ്യം അനുവദിച്ച കീഴ്‍ക്കോടതി നടപടി ഹൈക്കോടതി ശരിവച്ചു.

വൈദ്യ പരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ വീഴ്ചയാണെന്ന് കോടതി വിമര്‍ശിച്ചു. ശ്രീറാം മദ്യപിച്ചതായി സാക്ഷി മൊഴി മാത്രമാണുള്ളത്, രേഖകളുടെ തെളിവില്ല. രക്‌തത്തിൽ മദ്യത്തിന്‍റെ അംശമുണ്ടായിരുന്നു എന്നതിന് തെളിവില്ലാത്തതിനാൽ വകുപ്പ് 304 നിലനിൽക്കുമെന്ന് പറയാനാകില്ല. അന്വേഷണത്തിൽ പോലീസ് പ്രൊഫഷനലിസം കാണിച്ചില്ല. അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിന് പോലീസിന് വ്യക്തമായ പദ്ധതിയില്ല എന്നും കോടതി വിമര്‍ശിച്ചു. 

ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം 30 ദിവസത്തിനകം സമർപ്പിക്കണമെന്ന് ഡിജിപി നേരത്തെ നിർദേശം നല്‍കിയിരുന്നു. കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നിന്നാണ് ശ്രീറാം ജാമ്യം നേടിയത്. ബഷീറിന്‍റെ മരണത്തിന് കാരണമായി വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നു. എന്നാല്‍, അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷി ജോബി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.

 തിരുവനന്തപുരം മെ‍ഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഇന്നലെ ആശുപത്രി വിട്ടിരുന്നു. വാഹനാപകടത്തില്‍ ശ്രീറാമിന്‍റെ കൈയ്ക്കും നട്ടെല്ലിനും പരുക്കേറ്റിരുന്നു. മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീറാമിനെ ഡിസ്ചാര്‍ജ് ചെയ്തത്. നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ ശ്രീറാമിന് നിര്‍ദേശിച്ചിട്ടുണ്ട് എന്നാണ് വിവരം.  കനത്ത ആഘാതങ്ങൾ മൂലം ഒരു സംഭവത്തെ കുറിച്ച് പൂർണമായി ഓർത്തെടുക്കാനാകാത്ത റെട്രൊഗ്രേഡ് അംനേഷ്യ ശ്രീരാമിന് ബാധിച്ചെന്ന് നേരത്തെ മെഡിക്കല്‍ ബോർഡ് വ്യക്തമാക്കിയിരുന്നു. 

 


 

Follow Us:
Download App:
  • android
  • ios