സമയം ആവശ്യമായിരുന്നുവെങ്കില്‍ ഡിജിപി കോടതിയെ സമീപിക്കണമായിരുന്നു. ഹര്‍ജിയില്‍ ആവശ്യമെങ്കില്‍ ഡിജിപിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും അതു നടപ്പാക്കാത്ത കേരള പൊലീസിനും ഡിജിപിക്കും കേരള ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോടതി ഉത്തരവുകള്‍ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനും കേരള പൊലീസിനുമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡിജിപിയുടെ നടപടി കൃത്യവിലോപമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി പെരിയയില്‍ കൊലപ്പെട്ട ശരത് ലാലിന്‍റേയും കൃപേഷിന്‍റേയും മാതാപിതാക്കളാണ് കോടതീയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം സിബിഐക്ക് വിട്ടുകൊടുക്കാന്‍ വൈകിപ്പിക്കുന്നത് തെളിവുകള്‍ ഇല്ലാതാക്കാനാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പൊലീസിനും ഡിജിപിക്കുമെതിരെ തിരിഞ്ഞത്

എന്തു കൊണ്ടാണ് അന്വേഷണം സിബിഐക്ക് നല്‍കാന്‍ ഇത്രയും വൈകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് ഡയറി സിബിഐക്ക് കൈമാറാത്ത ഡിജിപിയുടെ നടപടിയേയും കോടതി വിമര്‍ശിച്ചു. ഉടനടി കേസ് ഡയറി കൈമാറണമെന്നാണ് ഇതു സംബന്ധിച്ച ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. ഡിജിപിയുടെ നടപടി കൃത്യവിലോപമാണ്. 

സമയം ആവശ്യമായിരുന്നുവെങ്കില്‍ ഡിജിപി കോടതിയെ സമീപിക്കണമായിരുന്നു. ഹര്‍ജിയില്‍ ആവശ്യമെങ്കില്‍ ഡിജിപിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതി വിധി ലഭിച്ചതിന് പിന്നാലെ ഒക്ടോബര്‍ മൂന്നിന് തന്നെ കേസ് ഡയറി കൈമാറാൻ ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.