Asianet News MalayalamAsianet News Malayalam

അന്‍വറിന്‍റെ ചെക്ക് ഡാം പൊളിച്ച് വെള്ളം ഒഴുക്കി കളയാന്‍ ഹൈക്കോടതിയുടെ ഉത്തരവ്

തടയണ സ്ഥിതി ചെയ്യുന്ന കക്കടാംപൊയില്‍ ഭാഗത്ത് തുടര്‍ച്ചയായി ഉരുള്‍പൊട്ടലും വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ദ്രുതഗതിയിലുള്ള ഇടപെടല്‍.

HC ordered to demolish and clear the water of pv anwars check dam
Author
Kochi, First Published Aug 16, 2019, 4:20 PM IST

കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്‍റെ തടയണ കേസില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. അന്‍വറിന്‍റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു കളഞ്ഞ് അതിലെ വെള്ളം മുഴുവന്‍ ഒഴുക്കി കളയാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ വാദത്തിനിടെ ഇത്രയേറെ ദുരന്തങ്ങളുണ്ടായിട്ടും നമ്മള്‍ എന്തുകൊണ്ട് പാഠം പഠിക്കുന്നില്ലെന്ന് ചോദിച്ച കോടതി തടയണ നിര്‍മ്മിച്ചവര്‍ തന്നെ അതു പൊളിച്ചു കളയുന്നതിനുള്ള ചിലവ് വഹിക്കണമെന്നും ഉത്തരവിട്ടു. 

തടയണ സ്ഥിതി ചെയ്യുന്ന കക്കടാംപൊയില്‍ ഭാഗത്ത് തുടര്‍ച്ചയായി ഉരുള്‍പൊട്ടലും വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ദ്രുതഗതിയിലുള്ള ഇടപെടല്‍. അന്‍വറിന്‍റെ തടയണയില്‍ ഇപ്പോഴും വെള്ളം കെട്ടിക്കിടപ്പുണ്ടെന്നും തടയണ സ്ഥിതി ചെയ്യുന്നതിന് പത്ത് കിലോമീറ്റര്‍ അപ്പുറത്താണ് ഇത്തവണ ഏറ്റവും വലിയ ദുരന്തമുണ്ടായതെന്നും ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. 

ഹര്‍ജിക്കാരുടെ വാദം കേട്ട ശേഷമാണ് ഇപ്പോഴും അനധികൃതമായി തടയണ നിലനിര്‍ത്തുന്നതിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. ഇത്രയൊക്കെ ആയിട്ടും നമ്മള്‍ എന്ത് കൊണ്ട് പാഠം പഠിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.  ഇത്രയേറെ നാശനഷ്ടം സംഭവിച്ച സ്ഥിതിക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഈ മണ്‍സൂണ്‍ സീസണില്‍ തന്നെ തടയണ നില്‍ക്കുന്ന മേഖലയില്‍ പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 

ജലസേചന വകുപ്പിലേയും ഖനനവകുപ്പിലേയും ഉദ്യോഗസ്ഥര്‍ പരിശോധയില്‍ പങ്കാളികളാവണമെന്നും കോടതി നിര്‍ദേശിച്ചു. തടയണ പൊളിച്ചു മാറ്റം വെള്ളം മുഴുവന്‍ ഒഴുക്കി കളയണം. അതിനുള്ള ചിലവ് തടയണ കെട്ടിയവര്‍ തന്നെ വഹിക്കുകയും വേണം -  ഹൈക്കോടതി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios