ശബരിമലയിലെത്തി മരണമടയുന്ന തീർത്ഥാടകരുടെ മൃതദേഹം സ്ട്രച്ചറിൽ കൊണ്ട് പോകരുതെന്ന് ഹൈക്കോടതി. ഇതിന് പകരം ആംബുലൻസ് സൗകര്യം നിർബന്ധമാക്കി. ഈ കാഴ്ച മലകയറി വരുന്നവർക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

കൊച്ചി: ശബരിമലയിൽ മൃതദേഹങ്ങൾ സ്ട്രെച്ചറിൽ ചുമക്കുന്നത് നിർത്തലാക്കി ഹൈക്കോടതി. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് ആംബുലൻസ് സൗകര്യം നിർബന്ധമാക്കണം. നിലവിൽ സന്നിധാനത്ത് വെച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സ്ട്രെച്ചറിലാണ് പമ്പയിലേക്ക് മാറ്റുന്നത്. ഇത്തരം രീതിയിൽ മൃതദേഹങ്ങൾ മാറ്റുന്നതിൽ ഞെട്ടലും അതൃപ്തിയും രേഖപ്പെടുത്തി ഹൈക്കോടതി. ഈ കാഴ്ച മലകയറി വരുന്നവർക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് ഈ നിർദേശം.

YouTube video player

സന്നിധാനത്ത് എത്തിയതിനു ശേഷം ഹൃദയാഘാതം, മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലം ഒരുപാട് ആളുകൾ മരിക്കുന്നുണ്ട്. മലകയറി അവിടെയെത്തി ക്ഷീണിച്ച്, കുഴ‌ഞ്ഞു വീണും മരണങ്ങൾ ഉണ്ടാകുന്ന സാഹചര്യമുണ്ട്. ഇങ്ങനെ മരിച്ചവരുടെ മൃതദേഹങ്ങൾ സാധാരണ ഗതിയിൽ സ്ട്രെച്ചറിൽ താഴേക്ക് എത്തിക്കുകയാണ് പതിവ്. തീർത്ഥാടകരുടെ മുന്നിലൂടെയാണ് ഈ മൃതദേഹങ്ങൾ കൊണ്ടു പോകുന്നത് എന്നത് കൊണ്ട് തന്നെ ഇത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആളുകൾക്ക് മുന്നിലൂടെ പ്രദർശന വസ്തുവായി ഇത് കൊണ്ടു പോകരുതെന്നും കോടതി പറഞ്ഞു. ഇത് വളരെ ഞെട്ടലുണ്ടാക്കുന്നതാണെന്നും പ്രതികരണം. ഇനി മേലാൽ മൃതദേഹങ്ങൾ സ്ട്രെച്ചറിൽ പമ്പയിലെത്തിക്കരുതെന്നും ആംബുലൻസ് ഉപയോഗിക്കണമെന്നും കോടതി പറഞ്ഞു.

അതേ സമയം, ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി പുതുതായി പമ്പയിൽ നിന്ന് നേരിട്ട് തമിഴ്നാട്ടിലേക്ക് അന്തർസംസ്ഥാന സർവീസ് തുടങ്ങി. പമ്പ-കോയമ്പത്തൂർ സർവീസാണ് ആരംഭിച്ചിട്ടുള്ളത്. പമ്പ ഡിപ്പോ നടത്തുന്ന കോയമ്പത്തൂർ ബസ് രാത്രി 9.30 ന് അവിടെ നിന്ന് പുറപ്പെടും. തിരിച്ചു രാവിലെ ഒൻപതിനാണ് പമ്പയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള സർവീസ്. കെഎസ്ആർടിസി പുനലൂർ ഡിപ്പോയുടെ ബസാണ് ഇന്ന് മുതൽ പമ്പ-തെങ്കാശി റൂട്ടിൽ സർവീസ് നടത്തുക. രാത്രി എഴിന് തെങ്കാശിയിൽ നിന്ന് പുറപ്പെടും. തിരിച്ചുള്ള ബസ് രാവിലെ ഒൻപതിന് പമ്പയിൽ നിന്ന് പുറപ്പെടും. പളനി, തിരുനെൽവേലി, കമ്പം, ചെന്നൈ എന്നിവിടങ്ങളിലേക്കും സർവീസുകൾ നടത്താൻ ബസുകൾ റെഡിയാണെന്നും അധികൃതർ അറിയിച്ചു. കർണാടകയിലേക്കും ഭക്തരുടെ ആവശ്യാനുസരണം സർവീസുകൾ നടത്തും. അന്തർസർവീസുകൾ നടത്താനായി കെഎസ്ആർടിസി യുടെ 67 ബസുകൾക്കാണ് പുതുതായി പെർമിറ്റ് ലഭിച്ചത്.