ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. 

കൊച്ചി: പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം കവി വി. മധുസൂദനൻ നായർക്ക് നൽകാനുള്ള ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി തീരുമാനത്തിന് ഹൈകോടതിയുടെ സ്റ്റേ. പുരസ്‌കാര നിർണയത്തിന് മതിയായ മാനദണ്ഡങ്ങൾ നിർണയിക്കണമെന്നാവശ്യപ്പെട്ട് ഉദയംപേരൂർ സൗത്ത് പറവൂർ സ്വദേശി രതീഷ് മാധവൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. 

ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി ഫെബ്രുവരി 16ന് ചേർന്ന യോഗത്തിൽ പുരസ്കാര നിർണയത്തിന് രേഖാമൂലം തയായാറാക്കിയ മാനദണ്ഡങ്ങൾക്ക് അനുമതി നൽകിയതായി അറിയിച്ചെങ്കിലും വി. മധുസൂദനൻ നായർക്ക് പുരസ്കാരം നൽകാൻ ദേവസ്വം മാനേജിംഗ് സബ് കമ്മിറ്റി ഫെബ്രുവരി ഏഴിനാണ് തീരുമാനമെടുത്തതെന്നും അന്ന് ബൈലോ വ്യവസ്ഥകൾ നിലവിലുണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.