കൊച്ചി: പ്രളയസാധ്യത മുന്നിൽക്കണ്ട് അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് അയച്ച കത്തിൻ്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്.

ഈ വർഷവും മഴ കൂടുതൽ ലഭിക്കാൻ സാധ്യതയുള്ളതിനാൽ പ്രളയസാധ്യത തള്ളിക്കളയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത്. എന്നാൽ ഈ വർഷം പ്രളയസാധ്യത തള്ളി സർക്കാരും കെഎസ്ഇബിയും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 

നിലവിലെ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ എടുത്തിട്ടുണ്ടെന്നുമാണ് സർക്കാർ കോടതിയിൽ അറിയിച്ചിരിക്കുന്നത്.