ഒക്ടോബര്‍ മുതലുള്ള സ്റ്റൈപ്പന്റാണ് പിജി ഡോക്ടര്‍മാര്‍ക്ക് കിട്ടാനുള്ളത്. ഹൗസ് സര്‍ജന്മാര്‍ക്ക് കഴിഞ്ഞ മാസത്തേതും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കൈമാറുന്ന അപേക്ഷയിൽ ധനവകുപ്പ് തീരുമാനമെടുക്കാൻ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഡോക്ടര്‍മാർ പറയുന്നു

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജിലെ പിജി ഡോക്ടര്‍മാരുടേയും ഹൗസ് സര്‍ജന്മാരുടേയും സമരം രണ്ടാം ദിവസത്തിലേക്ക്. അ‍‌ഞ്ച് മാസത്തെ സ്റ്റൈപ്പന്റ് മുഴുവനായി കിട്ടാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ഇതോടെ അത്യാഹിത വിഭാഗമടക്കം ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റി.

90 ഹൗസ് സര്‍ജന്മാരും 8 പിജി ഡോക്ടര്‍മാരും ഇന്നലെ മുതലാണ് സമരം തുടങ്ങിയത്. സ്റ്റൈപ്പന്റ് മുടങ്ങിയ കാര്യം പല തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങേണ്ടി വന്നതെന്ന് ഡോക്ടര്‍മാർ പറയുന്നു. ഒക്ടോബര്‍ മുതലുള്ള സ്റ്റൈപ്പന്റാണ് പിജി ഡോക്ടര്‍മാര്‍ക്ക് കിട്ടാനുള്ളത്. ഹൗസ് സര്‍ജന്മാര്‍ക്ക് കഴിഞ്ഞ മാസത്തേതും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കൈമാറുന്ന അപേക്ഷയിൽ ധനവകുപ്പ് തീരുമാനമെടുക്കാൻ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഡോക്ടര്‍മാർ പറയുന്നു.

സമരം തുടങ്ങിയതോടെ രോഗികളാണ് ശരിക്കും വലയുന്നത്. അത്യാഹിത വിഭാഗത്തിലടക്കം സേവനം ലഭിക്കുന്നത് വളരെ കുറച്ച് ഡോക്ടര്‍മാരുടേത് മാത്രം. രോഗികളിൽ പലരും മറ്റാശുപത്രികൾ തേടി പോയി. ഇനിയും സമരം നീണ്ടുപോയാൽ മെഡിക്കൽ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിക്കുമോയെന്നാണ് രോഗികളുടെ ആശങ്ക.