'സമൂഹത്തോടുള്ള ദ്രോഹം'; കടുപ്പിച്ച് വീണ ജോര്‍ജ്, ഹെല്‍ത്ത് കാര്‍ഡ് വിഷയത്തില്‍ 2 ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷൻ
ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിന് പിന്നാലെയാണ് രണ്ട് പേരെക്കൂടി സസ്‌പെന്‍ഡ് ചെയ്തത്

തിരുവനന്തപുരം: പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരാണിവര്‍. സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിന് പിന്നാലെയാണ് രണ്ട് പേരെക്കൂടി സസ്‌പെന്‍ഡ് ചെയ്തത്. ഹെല്‍ത്ത് കാര്‍ഡ് വിതരണത്തില്‍ വീഴ്ചയുണ്ടായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് സ്ഥിരീകരിച്ചിരുന്നു. ആര് തെറ്റ് ചെയ്താലും കര്‍ശന നടപടിയെടുക്കും. ഹെല്‍ത്ത് കാര്‍ഡ് ഡിജിറ്റലിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ഡിഎംഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡോക്ടര്‍ ചെയ്തത് സമൂഹത്തോടുള്ള ദ്രോഹമെന്നും മന്ത്രി പറഞ്ഞു. പരിശോധന പോലും നടത്താതെ പണം വാങ്ങി സർക്കാർ ഡോക്ടർ ഹെൽത്ത് കാർഡ് നൽകുന്നത് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. പരിശോധനയില്ലാതെ സർട്ടിഫിക്കറ്റ് നൽകിയ തിരുവനന്തപുരം ജനറൽ ആശുപത്രി ആർഎംഒ ഡോ. അമിത് കുമാറിനെയാണ് ആദ്യം സസ്പെൻഡ് ചെയ്തത്. അമിത് കുമാറിന്‍റെ സസ്പെൻഷന് പുറമേ രജിസ്ട്രേഷൻ തൽക്കാലം റദ്ദാക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്.
തട്ടിപ്പ് ബോധ്യപ്പെട്ടാൽ മെഡിക്കൽ കൗൺസിലിനെ അറിയിച്ച് രജിസ്ട്രേഷൻ തൽക്കാലം റദ്ദാക്കുന്ന നടപടി മറ്റ് ഡോക്ടർമാർക്കെതിരെയും ഉണ്ടാകും. ഒത്താശ ചെയ്ത പാസ് വിതരണക്കാരനെ പിരിച്ചുവിടാനാണ് തീരുമാനം. കാർഡ് അനുവദിച്ച ഡോക്ടറുടെ പേരും ബാർകോഡും ഉള്ള വിധത്തിൽ മുഴുവൻ ഹെൽത്ത് കാർഡുകളും ഡിജിറ്റലാക്കും. ഇതുവരെ നൽകിയ ഹെൽത്ത് കാർഡുകളിൽ മിക്കതും ഇതേരീതിയിൽ അട്ടിമറിക്കപ്പെട്ടിരിക്കാം എന്നതിനാൽ ഇക്കാര്യങ്ങൾ പ്രത്യേകം പരിശോധിക്കും. ജില്ലാതലത്തിൽ പരിശോധിക്കാൻ ഡിഎംഒമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.