കൊച്ചി: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ചികിത്സ പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പ്. യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. രോഗിയുമായി സമ്പർക്കം ഉണ്ടായ 330 പേരുടെ പട്ടികയിൽ ഇനി  210 പേരാണ് ബാക്കിയുള്ളത്.  നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന്  ഇന്ന് സമ്പർക്ക പട്ടികയിൽ നിന്ന് 46 പേരെക്കൂടി ഒഴിവാക്കി. ഇവരിൽ 45 പേര്‍ എറണാകുളം ജില്ലയിൽ നിന്നുള്ളവരും ഒരാൾ തൃശൂർ ജില്ലയിൽ നിന്നുള്ളവരുമാണ്.  

ഇതോടെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 120 ആയി. മറ്റുള്ളവരുടെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇപ്പോൾ ആരും തന്നെ നിരീക്ഷണത്തിൽ ഇല്ല. നിപ സംബന്ധിച്ച സംശയ നിവാരണത്തിനായി 0484 2368802 എന്ന നമ്പറിലേക്ക് രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ വിളിക്കാവുന്നതാണെന്ന് എറണാകുളം  
ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.