Asianet News MalayalamAsianet News Malayalam

പരിശോധനയില്ലാതെ ഹെല്‍ത്ത് കാര്‍ഡ് പാടില്ല; നടപടിക്രമങ്ങള്‍ വ്യക്തമാക്കി ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍

‍ഡോക്ടര്‍മാര്‍ നടപടി ക്രമങ്ങള്‍ പാലിക്കുന്നു എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണം.അപേക്ഷകനെ ‍ഡോക്ടര്‍ നേരിട്ട് പരിശോധിക്കണം.രക്ത പരിശോധന, ശാരീരിക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക്, നഖങ്ങള്‍ എന്നിവയുടെ പരിശോധന നടത്തണമെന്നും നിര്‍ദ്ദേശം

health department director issues circular regarding norms to issue Health card
Author
First Published Feb 4, 2023, 5:26 PM IST

തിരുവനന്തപുരം: പണം കൊടുത്താല്‍ പരിശോധനയില്ലാതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നത് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് സര്‍ക്കാര്‍ തിരുത്തല്‍ നടപടി തുടങ്ങി. ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഡോക്ടര്‍മാര്‍ നടപടി ക്രമങ്ങള്‍ പാലിക്കുന്നു എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണം. അപേക്ഷകനെ ‍ഡോക്ടര്‍ നേരിട്ട് പരിശോധിക്കണം.

രക്ത പരിശോധന, ശാരീരിക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക്, നഖങ്ങള്‍ എന്നിവയുടെ പരിശോധന നടത്തണം. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന വേണം. ക്ഷയ രോഗ ലക്ഷണമുണ്ടെങ്കില്‍ കഫ പരിശോധന വേണം. പരിശോധനാ ഫലങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. വിരശല്യത്തിനെതിരെയുള്ള വാക്സിന്‍ നല്‍കണം. ടൈഫോയ്ഡിനെതിരെയുള്ള വാക്സിന്‍ പൂര്‍ത്തീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

 

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താൽ ഇഷ്ടം പോലെ കിട്ടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായത്. എല്ലാ തരത്തിലുമുള്ള ആരോഗ്യപരിശോധനക്ക് ശേഷം മാത്രമേ ഹോട്ടൽ ജീവനക്കാർക്ക് കാർഡ് നൽകാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ RMO,300 രൂപ വീതം വാങ്ങി പരിശോധനയൊന്നുമില്ലാതെ ഹെൽത്ത് കാർഡ് നൽകുകയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടപടിക്കും വിശദ അന്വേഷണത്തിനും മന്ത്രി നിർദേശം നൽകിയിരുന്നു.

'സമൂഹത്തോടുള്ള ദ്രോഹം'; കടുപ്പിച്ച് വീണ ജോര്‍ജ്, ഹെല്‍ത്ത് കാര്‍ഡ് വിഷയത്തില്‍ 2 ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷൻ

 

പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരാണിവര്‍. സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിന് പിന്നാലെയാണ് രണ്ട് പേരെക്കൂടി സസ്‌പെന്‍ഡ് ചെയ്തത്.

Follow Us:
Download App:
  • android
  • ios