Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ തീരമേഖലകളിൽ കൊവിഡ് വ്യാപനം: ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി ആരോഗ്യവകുപ്പ്

രോഗവ്യാപനം കൂടുതലെന്ന് കണ്ടെത്തിയ ക്ലസ്റ്ററുകളിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ച് കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയാണ് ആരോഗ്യവകുപ്പ്. 

health department observing sea shore areas
Author
Kozhikode, First Published Jul 11, 2020, 3:49 PM IST

കൊച്ചി: സംസ്ഥാനത്തെ തീരമേഖലകളിൽ കൊവിഡ് വ്യാപനം ശക്തമാകുന്നതിൻ്റെ പശ്ചാത്തലത്തിൽ കർശന നടപടികളുമായി ആരോഗ്യവകുപ്പ്. എറണാകുളത്തെ ആലുവയിലും പരിസരപ്രദേശങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായി സൂചന. ചെല്ലാനം , നൂറനാട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും രോഗവ്യാപനം കൂടുകയാണ്. 

മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എല്ലാ ഹാർബറുകളും നാളെ അടക്കും. കൊവിഡ് പ്രതിരോധത്തിനായി തീര പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഏഷ്യാനെറ്റ് ന്യൂസിൻ്റെ നമസ്തേ കേരളം പരിപാടിയിൽ പറഞ്ഞു.

രോഗവ്യാപനം കൂടുതലെന്ന് കണ്ടെത്തിയ ക്ലസ്റ്ററുകളിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ച് കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയാണ് ആരോഗ്യവകുപ്പ്. ആലുവ മാർക്കറ്റിൽ നിന്ന് 27 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ ഇന്ന് ആലുവ മേഖലയിൽ 20 പേ‍ർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായാണ് സൂചന. ആലുവ മുനിസിപ്പാലിറ്റി പൂർണ്ണമായും അടച്ചതോടെ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ ജാഗ്രതയിലാണ് നഗരം. 

ജില്ലയിലെ തീരപ്രദേശമായ ചെല്ലാനത്ത് 9 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ മേഖലയിലും പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചു. മുനമ്പം മേഖലയിൽ ഒരാളുടെ ഫലം മാത്രമാണ് നിലവിൽ പൊസിറ്റീവ് ആയതെങ്കിലും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം കൂടുതൽ ആയതിനാൽ മേഖലയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, പുതിയാപ്പ,കെയിലാണ്ടി, ചെമ്പോല എന്നീ ഹാർബറുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു.

പൂന്തുറയിലും ചെല്ലാനത്തുമുൾപ്പെടെ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തീര പ്രദേശങ്ങളിൽ രോഗ വ്യാപനം തടയാൻ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞു. നൂറനാട്ടെ ഇൻഡോ - ടിബറ്റൻ ബോർഡർ പൊലീസ് സേനയിലെ 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഴുവൻ ഉദ്യഗസ്ഥരേയും ക്വാറന്റൈനിലേക്ക് മാറ്റിയിരിക്കുകയാണ്. 

ക്യാപിലെ രോഗികളുടെ എണ്ണം നൂറിന് മുകളിൽ പോകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അതേസമയം, സുരക്ഷ മുൻകരുതലുകൾ പാലിക്കാതെ പ്രവർത്തിച്ച തൃശൂർ ചാവക്കാട്ടെ ബ്ലാങ്ങാട് മീൻ ചന്തയിലും ആലുവയിലെ നിയന്ത്രിത മേഖലകളിലും പൊലീസ് പരിശോധന നടത്തി. നിയമം ലംഘിച്ച 30 പേർക്കെതിരെ കെസെടുത്തു.

Follow Us:
Download App:
  • android
  • ios