ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേനയാണ് തോട്ടട സ്വദേശി പ്രമോദ് മഠത്തിലിനെ തട്ടിപ്പ് സംഘം സമീപിച്ചത്. സംഭവത്തിൽ കണ്ണൂർ സിറ്റി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കണ്ണൂർ: കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് സൈബർ തട്ടിപ്പിനുള്ള ശ്രമം പൊളിച്ച് റിട്ടയേഡ് ബാങ്ക് മാനേജരും പൊലീസും. ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേനയാണ് തോട്ടട സ്വദേശി പ്രമോദ് മഠത്തിലിനെ തട്ടിപ്പ് സംഘം സമീപിച്ചത്. സംഭവത്തിൽ കണ്ണൂർ സിറ്റി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ശനിയാഴ്ചയാണ് തോട്ടട സ്വദേശി പ്രമോദ് മഠത്തിലിന് ആ കോൾ എത്തുന്നത്. ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞായിരുന്നു കോൾ. പ്രമോദിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞു. എൻ ഐ എ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകനിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ പ്രമോദിൻ്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടും സിം കാർഡും ലഭിച്ചെന്ന് പറഞ്ഞായിരുന്നു ഭീഷണി. തെളിവായി എഫ്ഐആർ കോപ്പി, ആധാർ, സിം കാർഡ് വിവരങ്ങളും അയച്ചു നൽകി.
ആദ്യം ഒന്ന് പകച്ചെങ്കിലും ഭാര്യയും വിദേശത്തുള്ള മകനും പിന്തുണ നൽകി. വിവരം കണ്ണൂർ സിറ്റി സൈബർ പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം രാവിലെ വീണ്ടും തട്ടിപ്പ് സംഘത്തിന്റെ കോൾ എത്തി. 'സാറിനെ കണ്ടിട്ട് മലയാളിയെപ്പോലെ തോന്നുന്നില്ലല്ലോ' എന്ന് ബാങ്ക് മാനേജർ പറഞ്ഞു. ഇത്തവണ തട്ടിപ്പുകാരോട് 10 മിനിറ്റിൽ അധികം സംസാരിച്ചു പ്രമോദ്. ഒടുവിൽ ഫോണ്‍ പൊലീസിന് കൈമാറി. ഇത് ആരാണ് എന്ന തട്ടിപ്പുകാരന്‍റെ ചോദ്യത്തിന് 'എല്ലാരുമുണ്ട്, നീ എവിടെയാടാ നാട്ടില്' എന്ന് പൊലീസിന്‍റെ മറുപടി. ഇത് കേട്ടതോടെ തട്ടിപ്പ് സംഘം കോൾ കട്ട് ചെയ്ത് മുങ്ങി. കേസെടുത്ത കണ്ണൂർ സിറ്റി സൈബർ പൊലീസ് പ്രതികളെ പിടികൂടാൻ അന്വേഷണം തുടങ്ങി.



