Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് സാന്നിദ്ധ്യം സംശയിച്ച് ആരോഗ്യവകുപ്പ്

ലാബുകളിലെ പരിശോധനയിൽ ജനിതക മാറ്റത്തിന്റെ സൂചനകൾ കിട്ടിയിട്ടില്ലെങ്കിലും സമീപകാലങ്ങളിൽ ചിലരിൽ കാണുന്ന ലക്ഷണങ്ങളാണ് ആരോഗ്യ വകുപ്പിന് സംശയങ്ങളുണ്ടാക്കുന്നത്. കൂടുതലായും പുറത്ത് നിന്നെത്തുന്നവരുടെ സമ്പർക്ക പട്ടികയിലുള്ളവരിലാണ് പുതിയ ലക്ഷണങ്ങൾ കാണുന്നത്.

health department suspects presence of mutated corona virus in pathanamthitta more studies required
Author
Pathanamthitta, First Published Apr 21, 2021, 1:02 PM IST

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ 40 വയസിന് താഴെയുള്ള ചിലരുടെ മരണമാണ് സംശയത്തിന് കാരണം. പുറത്ത് നിന്ന് വരുന്നവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവർ കൃത്യമായി പരിശോധന നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.

കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ 40 വയസിൽ താഴെയുള്ള 4 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. നാല് പേർക്കും ഗുരുതരമായ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ലാബുകളിലെ പരിശോധനയിൽ ജനിതക മാറ്റത്തിന്റെ സൂചനകൾ കിട്ടിയിട്ടില്ലെങ്കിലും സമീപകാലങ്ങളിൽ ചിലരിൽ കാണുന്ന ലക്ഷണങ്ങളാണ് ആരോഗ്യ വകുപ്പിന് സംശയങ്ങളുണ്ടാക്കുന്നത്. കൂടുതലായും പുറത്ത് നിന്നെത്തുന്നവരുടെ സമ്പർക്ക പട്ടികയിലുള്ളവരിലാണ് പുതിയ ലക്ഷണങ്ങൾ കാണുന്നത്. എന്നാൽ സമ്പ‌‍‌‍‌ർക്ക പട്ടികയിലുള്ള ഭൂരിഭാഗം ആളുകളും പരിശോധന നടത്താത്തതാണ് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നത്. രോഗലക്ഷണങ്ങൾ ​ഗുരുതരമാവുമ്പോഴാണ് പലരും പരിശോധന നടത്തുന്നത്.  സമ്പ‍‍ർക്ക പട്ടികയിലുള്ളവർ കൃത്യമായി പരിശോധന നടത്തിയാൽ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും ആരോഗ്യ വകുപ്പ് പറയുന്നു.

ഒപ്പം തീവ്ര ലക്ഷണങ്ങളുള്ള കാറ്റഗറി സി രോഗികളുടെ എണ്ണം കൂടുന്നതും വെല്ലുവിളിയാണ്. ഗുരുതര രോഗലക്ഷണങ്ങളുമായെത്തുന്ന രോഗികളെ കൂടുതൽ വിദഗ്ധ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. അതേസമയം മറ്റ് ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ടയിൽ ദിനം പ്രതിയുള്ള കൊവിഡ് കേസുകളുടെ എണ്ണം കുറവായത് ആശ്വാസമാണ്.

Follow Us:
Download App:
  • android
  • ios