Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ്‌ കീപ്പിംഗിന് പ്രത്യേക വിഭാഗം വരുന്നു

മെഡിക്കല്‍ കോളേജുകളുടെ സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

Health department to establish separate wing for house keeping in Medical colleges
Author
First Published Feb 22, 2023, 4:06 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളില്‍ നടപ്പിലാക്കുന്ന സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ഓരോ ആശുപത്രിയുടേയും അന്തരീക്ഷം വളരെ പ്രധാനമാണ്. ആശുപത്രിയുടെ അകത്തും പുറത്തുമുള്ള ശുചിത്വം, ശുചിമുറികളുടെ ശുചിത്വം, അണുബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ചെറിയ അറ്റകുറ്റപണികള്‍ കാലതാമസമില്ലാതെ പരിഹരിക്കുക എന്നിവ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡിക്കല്‍ കോളേജുകളുടെ സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ആദ്യഘട്ടമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷേറ്റീവ് പദ്ധതി ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം മെഡിക്കല്‍ കോളേജുകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. മെഡിക്കല്‍ കോളേജുകളില്‍ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗുണനിലവാരം മെച്ചപ്പെടുത്താന്‍ പദ്ധതി നടപ്പിലാക്കി വരുന്നത്.

അത്യാഹിത വിഭാഗം മുതല്‍ ഗ്യാപ്പ് അനാലിസിസ് നടത്തി പോരായ്മകള്‍ പരിഹരിച്ച് സേവനം മെച്ചപ്പെടുത്തണം. അത്യാഹിത വിഭാഗത്തില്‍ ട്രയാജ് സംവിധാനം നടപ്പിലാക്കണം. ജീവനക്കാരുടെ കുറവുകള്‍ പരിഹരിച്ച് സുരക്ഷിതവും രോഗീസൗഹൃദമായ അന്തരീക്ഷം ഉറപ്പാക്കണം. ലാബുകളുടെ പ്രവര്‍ത്തനം മികച്ചതാക്കണം. ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുകയും കൃത്യസമയത്ത് കേടുപാടുകള്‍ തീര്‍ക്കുകയും വേണം. ഡ്യൂട്ടി സമയത്ത് ജീവനക്കാര്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. സ്‌കാനിംഗ് സംവിധാനവും റേഡിയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കണം. എല്ലാവരും കാഷ്വാലിറ്റി പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രോഗീപരിചരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്ത് പരിഹാരം തേടുന്നതിന് നടപടി സ്വീകരിക്കണം. ഗവേഷണം പ്രോത്സാഹിപ്പിക്കണം.

28.10.2021ല്‍ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ കൂടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്വാളിറ്റി മാനേജ്‌മെന്റ് ഇനിഷ്വേറ്റീവ് ആരംഭിച്ചത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി അല്ലെങ്കില്‍ കാഷ്വാലിറ്റി വിഭാഗം മേധാവി എന്നിവരുള്‍പ്പെടെ രണ്ടോ മൂന്നോ വകുപ്പ് മേധാവികള്‍ ചേര്‍ന്നുള്ള സ്ഥാപനതലത്തിലെ ഇംപ്ലിമേന്റേഷന്‍ കമ്മിറ്റിയാണ് ഇത് നടപ്പിലാക്കുന്നത്. മറ്റ് മെഡിക്കല്‍ കോളേജുകളിലെ രണ്ട് ഡോക്ടര്‍മാരും കമ്മിറ്റിയിലുണ്ടാകും.

കൂടാതെ സംസ്ഥാനതല കമ്മിറ്റി അംഗങ്ങള്‍ മെഡിക്കല്‍ കോളേജുകള്‍ സന്ദര്‍ശിച്ച് മാര്‍ഗനിര്‍ദേശം നല്‍കി വരുന്നു. മെഡിക്കല്‍ കോളേജുകളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താനായി ദേശീയ ഗുണനിലവാര സര്‍ട്ടിഫിക്കേഷനുകളില്ലാത്ത സ്ഥാപനങ്ങള്‍ക്ക് അവ നേടിയെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, ആര്‍എംഒമാര്‍, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios