Asianet News MalayalamAsianet News Malayalam

നിപ വൈറസ്: ഉറവിടം തേടി ആരോഗ്യവകുപ്പ്

ഈ മേഖലകളിൽ സമീപദിവസങ്ങളിൽ വവ്വാലുകൾ കൂട്ടമായി ചത്തിട്ടുണ്ടോ, പന്നി ഫാമുകളുണ്ടോ, അവയ്ക്ക്  അസുഖം ഉണ്ടോ, വീടുകളിലുള്ളവ‍ർക്ക് പനി, ഛർദ്ദി, ശക്തമായ തലവേദന എന്നിവയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഉദ്യോഗസ്ഥർ പ്രധാനമായും പരിശോധിക്കുന്നത്. 

health department working to find out the source of nipah virus
Author
Paravoor, First Published Jun 4, 2019, 3:02 PM IST

കൊച്ചി: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗിയുടെ സ്വദേശമായ വടക്കൻ പരവൂരിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇതിനോടകം പരിശോധന തുടങ്ങി.

രോഗിയുടെ സ്വദേശമായ വടക്കേക്കര പഞ്ചായത്തിലെയും പറവൂർ ബ്ലോക്ക് പഞ്ചായത്തിലെയും മുഴുവൻ ജനപ്രതിനിധികളുമായി യോഗം ചേർന്ന ശേഷമാണ് ആരോഗ്യപ്രവർത്തകർ പരിശോധന നടപടികളിലേക്ക് കടന്നത്. മുൻകരുതലുകൾ  ചർച്ച ചെയ്ത ശേഷം  വിവിധ ബ്ലോക്കുകളായി തിരിഞ്ഞായിരുന്നു പരിശോധന.

ഈ മേഖലകളിൽ സമീപദിവസങ്ങളിൽ വവ്വാലുകൾ കൂട്ടമായി ചത്തിട്ടുണ്ടോ, പന്നി ഫാമുകളുണ്ടോ, അവയ്ക്ക്  അസുഖം ഉണ്ടോ, വീടുകളിലുള്ളവ‍ർക്ക് പനി, ഛർദ്ദി, ശക്തമായ തലവേദന എന്നിവയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഉദ്യോഗസ്ഥർ പ്രധാനമായും പരിശോധിക്കുന്നത്. 

രോഗിയുമായി സമ്പർക്കം പുലർത്തിയ കൂടുതൽ പേരുണ്ടോ എന്ന് അന്വേഷിച്ച് അവരുടെ സാംപിള്‍ ശേഖരിക്കാനും നടപടി എടുക്കും. പ്രതിരോധ നടപടിയുടെ ഭാഗമായി പറവൂർ ബ്ലോക്കിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പനി ക്ലിനിക് തുടങ്ങാനും തിരുമാനമായി.

അതേ സമയം രോഗിയുടെ ഇടുക്കിയിലുള്ള സഹപാഠികൾക്കൊന്നും രോഗലക്ഷണം കണ്ടെത്താനായില്ല. ഒരു ദിവസം മാത്രം വിദ്യാർത്ഥി ഇടുക്കിയിൽ ആയിരുന്നതിനാൽ നിപയുടെ പ്രഭവകേന്ദ്രം തൊടുപുഴയാണെന്ന് പറയാനാകില്ലെന്ന് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ജില്ലയിൽ ആരും നിരീക്ഷണത്തിലില്ലെങ്കിലും ഇടുക്കിയിലും തൊടുപുഴയിലുമായി ജില്ലയിലെ രണ്ട് ആശുപത്രികളിൽ ഐസോലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്

അതേ സമയം നിപാ രോഗിയുടെ സഹപാഠികളായ മൂന്ന് പേര്‍ കൊല്ലത്ത് നിരീക്ഷണത്തിൽ ആണ്. വിദ്യാർത്ഥിക്കൊപ്പം തൃശ്ശൂരിലെ പരിശീലന പരിപാടിയിലും പങ്കെടുത്തവരാണ് ഇവര്‍. മുന്‍കരുതലെന്ന നിലയില്‍ കൊല്ലം ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും ഐസൊലേഷൻ വാർഡ് ക്രമീകരിക്കും

 യുവാവ് തൊഴിൽ പരിശീലനം തേടിയ തൃശൂരിൽ 27 പേർ നിരീക്ഷണത്തിൽ ആണെങ്കിലും ആർക്കും രോഗലക്ഷണങ്ങളില്ല.  നേരിയ പനിയുള്ള പരിശീലന കേന്ദ്രത്തിലെ അധ്യാപികയെ  പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് വിധേയയാക്കി. ഇവര്‍ക്ക് പേടിച്ച് പനി വന്നതാണെന്നാണ് പ്രാഥമിക നിഗമനം. തൃശൂരിലും 24 മണിക്കൂർ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios