ആരോഗ്യവകുപ്പിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളെ കുറിച്ചുള്ള നേട്ടം വിശദീകരിക്കാനും മറ്റ് സംസ്ഥാനങ്ങളിലെ നേട്ടങ്ങൾ പഠിക്കാനുമാണ് ആരോഗ്യമന്ത്രിയും സംഘവും ഗുജറാത്തിൽ പോയി വന്നത്.

തിരുവനന്തപുരം: അധ്വാനിച്ചവർ നാട്ടിൽ, നേട്ടം പറയാൻ മന്ത്രിയും പരിവാരങ്ങളും (Gujarat) ഗുജറാത്തിൽ. ആരോഗ്യവകുപ്പിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളെ കുറിച്ചുള്ള നേട്ടം വിശദീകരിക്കാനും മറ്റ് സംസ്ഥാനങ്ങളിലെ നേട്ടങ്ങൾ പഠിക്കാനുമാണ് ആരോഗ്യമന്ത്രിയും സംഘവും (health minister and team) ഗുജറാത്തിൽ പോയി വന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർ അടക്കം പങ്കെടുത്ത സെമിനാർ. നേട്ടങ്ങൾ അവതരിപ്പിക്കാൻ കേരളത്തിൽ നിന്ന് പോയത് ആരോഗ്യ മന്ത്രി വീണ ജോർജ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡേ, പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ആശ തോമസ് എന്നിവരാണ് ഗുജറാത്തിൽ പോയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ14ാമത് കോൺഫറൻസാണ് വേദി.

ഇവിടെ കേരളം നേട്ടമായി അവതരിപ്പിച്ചത് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം ആണ്. കുടുംബാരോഗ്യ മേഖലയിൽ സർവ നേട്ടങ്ങളും കൈവരിച്ച നൂൽപ്പുഴ ആശുപത്രിയിലെ ഓപി, കിടത്തി ചികിൽസ തുടങ്ങി എല്ലാം മന്ത്രിതല സംഘം വിശദീകരിച്ചു. വയനാട് ജില്ലയിലെ ഈ നേട്ടം വലിയ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ നേട്ടങ്ങൾക്കൊക്കെ കാരണക്കാരായ ആശുപത്രി മെഡിക്കൽ ഓഫിസറേയും ജില്ലാ മെഡിക്കൽ ഓഫിസറേയും ഒക്കെ മന്ത്രിതല സംഘം മറന്നു. പക്ഷേ ഫോട്ടോ എടുത്ത് പബ്ലിസിറ്റിക്ക് മറന്നതുമില്ല.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് വയനാടൻ ഗ്രാമമായ നൂൽപ്പുഴയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത് സകലവിധ സംവിധാനങ്ങളും ഒരുക്കി മാതൃകാപരമായ കുടുംബാരോഗ്യ കേന്ദ്രമാക്കി. പലയിടത്തും മാതൃകയായി അവതരിപ്പിക്കപ്പെട്ടു. അതാണ് ഈ സർക്കാർ ഇവരുടെ നേട്ടമാക്കി അവതരിപ്പിച്ചത്. അതും അതിന് കാരണക്കാരായവരെ പൂർണമായും അവഗണിച്ചുകൊണ്ട്. ഇതിനെതിരെ ആരോഗ്യ വകുപ്പിൽ തന്നെ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. എന്നാൽ പതിവുപോലെ അതും അവഗണിക്കുകയാണ് മന്ത്രിതല സംഘം. അതുപോലെ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മുഖ്യമന്ത്രി നിരവധി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഓൺലൈൻ വഴി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. എന്നാൽ അതിന്റെ ഒന്നും പ്രവർത്തനം പൂർത്തിയാക്കിയിട്ടില്ല. എവിടെ തുടങ്ങിയോ അവിടെ തന്നെ നിൽക്കുകയാണെന്നതാണ് യാഥാർഥ്യം.