Asianet News MalayalamAsianet News Malayalam

നിപയെ അതിജീവിച്ച ​ഗോകുൽ കൃഷ്ണയുടെ കുടുംബത്തിന് സഹായവുമായി ആരോ​ഗ്യമന്ത്രി; അമ്മയ്ക്ക് താൽകാലിക ജോലി

രോ​ഗത്തെ അതിജീവിച്ച ​ഗോകുൽ കൃഷ്ണയ്ക്ക് രണ്ടരലക്ഷം രൂപയുടെ സഹായ വാ​ഗ്ദാനമാണ് 2019ൽ ആരോ​ഗ്യ വകുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ രണ്ട് വർഷത്തിനിപ്പുറവും ഒന്നും നടന്നില്ലെന്നതും നിപ ബാധിച്ച മകനെ പരിചരിക്കാൻ ലീവെടുത്തതിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിലെ ജോലി നഷ്ടമായ ​ഗോകുൽ കൃഷ്ണയുടെ അമ്മയെ കുറിച്ചും ലോൺ തിരിച്ചടവ് മുടങ്ങിയതും ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കി. ഇതോടെയാണ് ആരോ​ഗ്യ മന്ത്രിയുടെ ഇടപെടൽ

health minister helps gokul krishna's family who survived nipah
Author
Thiruvananthapuram, First Published Sep 27, 2021, 2:03 PM IST

തിരുവനന്തപുരം:എറണാകുളത്ത് നിപയെ അതിജീവിച്ച ​ഗോകുൽ കൃഷ്ണയുടെ കുടുംബത്തിന് ആശ്വാസവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്(VEENA GEORGE). സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവിതം പ്രതിസന്ധിയിലായ ഗോകുല്‍ കൃഷ്ണയുടെ അമ്മ വി എസ് വാസന്തിക്ക് താത്ക്കാലിക തസ്തികയില്‍ നിയമനം നല്‍കി. വനിത വികസന കോര്‍പറേഷനില്‍ ലോണ്‍/ റിക്കവറി അസിസ്റ്റന്റായാണ് നിയമനം. നിപയ്ക്ക് ശേഷം പല വിധ ആരോ​ഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ഗോകുല്‍ കൃഷ്ണയുടെ തുടര്‍ ചികിത്സ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി. 

രോ​ഗത്തെ അതിജീവിച്ച ​ഗോകുൽ കൃഷ്ണയ്ക്ക് രണ്ടരലക്ഷം രൂപയുടെ സഹായ വാ​ഗ്ദാനമാണ് 2019ൽ ആരോ​ഗ്യ വകുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ രണ്ട് വർഷത്തിനിപ്പുറവും ഒന്നും നടന്നില്ലെന്നതും നിപ ബാധിച്ച മകനെ പരിചരിക്കാൻ ലീവെടുത്തതിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിലെ ജോലി നഷ്ടമായ ​ഗോകുൽ കൃഷ്ണയുടെ അമ്മയെ കുറിച്ചും ലോൺ തിരിച്ചടവ് മുടങ്ങിയതും ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കി. ഇതോടെയാണ് ആരോ​ഗ്യ മന്ത്രിയുടെ ഇടപെടൽ. 

ഗോകുല്‍ കൃഷ്ണയെ മന്ത്രി നേരിട്ട് വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് 2019ല്‍ ഗോകുല്‍ കൃഷ്ണയെ നിപ വൈറസ് ബാധിച്ചത്. അമ്മ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി ഇന്‍ ചാര്‍ജ് ആയാണ് ജോലി ചെയ്തിരുന്നത്. മകന് നിപ വൈറസ് ബാധിച്ചതോടെ അവര്‍ ആശുപത്രിയില്‍ നിന്നും വിട്ടുനിന്നു. മകന്റെ ചികിത്സ കഴിഞ്ഞ് തിരികെ ആശുപത്രിയിലെത്തിയപ്പോഴേക്കും അവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. 28 വര്‍ഷം അവര്‍ അവിടെ ജോലി ചെയ്തിരുന്നു എന്നാണ് പറയുന്നത്. കോവിഡ് വ്യാപനം കാരണം അച്ഛനും ജോലി നഷ്ടപ്പെട്ടു. ഗോകുല്‍ കൃഷ്ണയ്ക്കാണെങ്കില്‍ നിപയ്ക്ക് ശേഷം മറ്റ് പല അസുഖങ്ങളുമുണ്ട്. ജീവിക്കാനായി ഏറെ ബുദ്ധിമുട്ടിയെങ്കിലും ആരോടും സഹായമഭ്യര്‍ത്ഥിച്ച് പോയില്ല. കടം കയറി വീട് ജപ്തിയുടെ വക്കിലുമാണ്.

ദുരിതം അറിഞ്ഞതോടെ ആരോ​ഗ്യമന്ത്രി വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പറേഷനില്‍ അമ്മയ്ക്ക് ജോലി നൽകുകയായിരുന്നു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ലേബര്‍ വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ട്. ജപ്തിനടപടികളില്‍ നിന്നും ഇളവ് നേടാനായി സഹകരണ വകുപ്പിന്റേയും സഹായം തേടാനാണ് തീരുമാനം

Follow Us:
Download App:
  • android
  • ios