ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണ വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. അന്നം മുടക്കുകയല്ല, ആലപ്പുഴ മെഡിക്കൽ കോളേജിലെ സ്ഥലം കയ്യേറ്റമാണ് തടഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. അന്നം മുടക്കിയതല്ലെന്നും ആലപ്പുഴയിൽ സ്ഥലം കയ്യേറിയതിൽ ഇടപെട്ടതാണെന്നും കെ മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കയ്യേറ്റത്തെ കുറിച്ച് പരാതി കിട്ടി. കമ്മ്യൂണിറ്റി കിച്ചൻ ആശുപത്രി വികസന സമിതി തീരുമാനമാണ്. കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമായിരിക്കും. മറ്റ് ആശുപത്രിയിൽ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്നം. ലാബിനെതിരെ നടപടി എടുത്തത് ആണ് എതിർപ്പിന് കാരണം. പൊതിച്ചോർ അല്ല. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിനു തടസം ഇല്ല. ചൂരൽ മലയിൽ ആരാണ് ഭക്ഷണ വിതരണം തടഞ്ഞത്. പരനാറി ചെറ്റ എന്നൊക്കെ ഉള്ള പ്രയോഗം ഞാൻ നടത്തിയിട്ടില്ല. ഡിവൈഎഫ്ഐക്കും കെ സുരേന്ദ്രനും ഒരേ ഭാഷയാണ്. ആലപ്പുഴയിൽ ക്രിട്ടിക്കൽ കെയർ ജീവനക്കാരെ തടഞ്ഞു സേവാഭാരതിയും ഡിവൈഎഫ്ഐയും ഒരുമിച്ചാണ് പ്രതിഷേധമെന്നും കെ മുരളീധരൻ പറഞ്ഞു. പൊതിച്ചോറ് വിഷയം വിവാദമായതോടെ മന്ത്രി ഇന്നലെ തന്നെ നിലപാട് മയപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.
ആരോഗ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് ഇങ്ങനെ:
ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്‌ഥലം കൈയേറി.
ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയ്യേറിയതിനാണ് എതിർപ്പ്, ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ മേഖലയിൽ സർക്കാർ ഇടപെടൽ നടത്തുന്നത്. ആശുപത്രിയിൽ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചണുമായി എല്ലാവരുടെയും സഹകരണം വേണം. കാരണം ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിന്റെ താത്പര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.



