'നഴ്സിങ് കോളേജിലെ റാ​ഗിംങിൽ വിദ്യാർത്ഥികൾക്കെതിരെ പരമാവധി നടപടിയെടുക്കും, സസ്പെൻഷനിൽ തീരില്ല'; വീണാ ജോർജ്

റാഗിങ് അറിഞ്ഞില്ലെന്ന സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല. സിസിടിവി ക്യാമറകൾ ഉൾപ്പെടെ കോറിഡോറിൽ ഉണ്ട്. എന്തുകൊണ്ട് അറിയാതെ പോയി.

health minister Veena George Maximum action will be taken against students for ragging in nursing college, not ending with suspension

തിരുവനന്തപുരം: കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണ്. വീഡിയോ മുഴുവൻ കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല. സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്.

റാഗിങ് അറിഞ്ഞില്ലെന്ന സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല. സിസിടിവി ക്യാമറകൾ ഉൾപ്പെടെ കോറിഡോറിൽ ഉണ്ട്. എന്തുകൊണ്ട് അറിയാതെ പോയി. സീനിയർ വിദ്യാർഥികൾ എന്തിനു ജൂനിയർ വിദ്യാർത്ഥിളുടെ മുറിയിൽ പോകണം. അതും ഒരിക്കൽ അല്ല. മൂന്നു മാസത്തോളം പീഡനം ഉണ്ടായെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംങ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പ്രതികൾ വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിച്ചത് പിറന്നാൾ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടർന്നാണെന്ന് പൊലീസ് പറയുന്നു. മദ്യമടക്കം വാങ്ങാൻ പരാതിക്കാരനായ വിദ്യാർത്ഥിയോട് പ്രതികൾ പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിദ്യാർത്ഥി പണം കൊടുക്കാൻ തയ്യാറായില്ല. പണം കൊടുക്കാതെ വന്നതോടെയാണ് കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് പകർത്തിയത്. മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കോളേജിലും ഹോസ്റ്റലിലും അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും. നിലവിൽ കേസിൽ അഞ്ച് പ്രതികൾ മാത്രമാണെന്നാണ് പൊലീസ് നിഗമനം. വിശദമായ പരിശോധനയിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നതിൽ വ്യക്തത വരും. ഇപ്പോഴത്തെ പരാതി പ്രകാരം ഇരയാക്കപ്പെട്ട മുഴുവൻ വിദ്യാർത്ഥികളുടേയും വിശദമായ മൊഴി പൊലീസ് രേഖപ്പെടത്തിയിട്ടുണ്ട്. പുറത്ത് വന്ന ദൃശ്യങ്ങളുടെ പരിശോധനയ്ക്കായി പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടും. പ്രതികളുടെ ഫോണിൽ മറ്റെന്തെങ്കിലും ദൃശ്യങ്ങളുണ്ടോയെന്ന് അറിയുന്നതിനായി മൊബൈൽ ഫോണുകൾ ശാസ്ത്രിയ പരിശോധനയ്ക്ക് അയച്ചു. നിലവിൽ റിമാന്റിലുള്ള പ്രതികളെ പൊലീസ് ഉടൻ കസ്റ്റിയിൽ വാങ്ങില്ല. വിശദമായി അന്വേഷണത്തിന് ശേഷമായിരിക്കും കസ്റ്റഡി അപേക്ഷ നൽകുന്നത്.

മദ്യം വാങ്ങിയ ബില്ല് വഴിത്തിരിവായി; കിണറ്റിൽ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios