Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സിനേഷനിൽ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയെന്ന് ആരോ​ഗ്യമന്ത്രി

കേരളത്തിന് കൂടുതൽ വാക്സീൻ വേണമെന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈയിൽ 90 ലക്ഷം വാക്സിൻ അധികം വേണമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
 

health minister veena george says central team is satisfied with covid vaccination in kerala
Author
Thiruvananthapuram, First Published Jul 8, 2021, 12:30 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷനിൽ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളത്തിന് കൂടുതൽ വാക്സീൻ വേണമെന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈയിൽ 90 ലക്ഷം വാക്സിൻ അധികം വേണമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധമായി അതീവ ജാഗ്രത എല്ലാവരും തുടരണം. വാക്സീൻ എടുത്തത് കൊണ്ട് സുരക്ഷിതരാകുന്നില്ല. ആൾക്കൂട്ടം ഒഴിവാക്കുക. രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. അതീവ വ്യക്തി ജാഗ്രത തുടർന്നേ മതിയാകൂ എന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തിലെ ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിൽ അമിതമായി ആശങ്ക വേണ്ടെന്ന് വിദഗ്ധ സമിതി തലവൻ ബി ഇഖ്ബാൽ പറഞ്ഞു. ഫേസ്ബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡെൽട്ട വകഭേദം വാക്സിൻ എടുത്തവരിലും, രോഗം വന്നു മാറിയവരിലും വീണ്ടും ബാധിക്കുന്നു. വാക്സിൻ കൃത്യമായി ലഭ്യമായാൽ 3 മാസത്തിനകം സമൂഹ്യപ്രതിരോധ ശേഷി നേടാനാകുമെന്നു പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം....

കേരളം കോവിഡിനെ നേരിടുന്നതെങ്ങനെ ?

കോവിഡ് രണ്ടാംതരംഗം മറ്റ് സംസ്ഥാനങ്ങളിൽ കെട്ടടങ്ങി തുടങ്ങിയെങ്കിലും കേരളത്തിലെന്തുകൊണ്ടാണ് രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്തതെന്ന്  സ്വഭാവികമായും പലരും ആശങ്കപ്പെടുന്നുണ്ട്.  പൊതുജനാരോഗ്യ തത്വങ്ങളനുസരിച്ച് പരിശോധിച്ചാൽ ഇതിൽ അത്ര അത്ഭുതപ്പെടേണ്ടതില്ലെന്നും അമിതമായി ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലാണെന്നും ആത്മവിശ്വാസത്തോടെ പറയാൻ കഴിയും  

1. മാർച്ച് മധ്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കേരളത്തിൽ അല്പം വൈകി മെയ് മാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഘട്ടത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനം വരെ ഉയർന്നിരുന്നു. രോഗികളുടെ എണ്ണം നാല്പതിനായിരത്തിന് മുകളിലായിരുന്നു. പിന്നീട് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കുറഞ്ഞ് ഇപ്പോൾ 10 നടുത്ത്  ഏതാനും  ദിവസങ്ങളിലായി വലിയ മാറ്റമില്ലാതെ നിൽകുന്നു. രോഗികളുടെ എണ്ണം ഇപ്പോൾ 10-12,000 ആയികുറഞ്ഞിട്ടുണ്ടെങ്കിലും വീണ്ടും താഴാതെ ടി പി ആറ് പോലെ സ്ഥിരതയോടെ നിലനിൽക്കുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിനനുപാതമായി പ്രതീക്ഷിക്കാവുന്നത് പോലെ മരണമടയുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്.  രണ്ടാം തരംഗത്തിന് മുൻപ് ദിനം പ്രതി നൂറിനു താഴെയാളുകൾ  രണമടഞ്ഞ സ്ഥാനത്ത് ഇപ്പോൾ  100 നും 200 നുമിടക്കാളുകൾ മരണമടയുന്നുണ്ട്. ഇതാണ് കേരളത്തിന്റെ ഇപ്പോഴത്ത് അവസ്ഥ

2. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം രോഗികളുടെ എണ്ണം ഏറ്റവും കൂടിയിരുന്ന അവസരത്തിൽ പോലും നമ്മുടെ ആരോഗ്യസംവിധാനം മുൻകൂട്ടി തയ്യാറെടുത്ത് സുസജ്ജമാക്കിയിരുന്നതിനാൽ കോവിഡ് ആശുപത്രികളിലും ഐ സി യു വിലും രോഗികൾക്ക് ഉചിതമായ ചികിത്സനൽകാനായിട്ടുണ്ട് എന്നതാണ്.  കോവിഡ്  ആശുപത്രികിടക്കളുടെ 60-70 ശതമാനത്തിൽ കൂടുതൽ ഒരിക്കലും ഉപയോഗിക്കപ്പെടേണ്ടി വന്നിട്ടില്ല.  മൊത്തം രോഗികളിൽ  90 ശതമാനത്തോളം  പേർക്ക് സർക്കാർ ആശുപത്രികളിൽ  സൌജന്യ ചികിത്സ നൽകിവരുന്നു. മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാൻ കഴിയാത്ത നേട്ടമാണിത്. കാസ്പിൽ (കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതി) ചേർന്നിട്ടുള്ള 252 ഓളം സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കപ്പെടുന്നവർക്ക് ആരോഗ്യ ഇൻഷ്വറൻസിലൂടെ സൌജന്യ ചികിത്സ ലഭിക്കുന്നു. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർകാർ നിയന്ത്രിച്ചിട്ടുമുണ്ട്. ഇതെല്ലാം മൂലം രോഗികളുടെ എണ്ണം ഏറ്റവും ഉയർന്നിരുന്ന അവസരത്തിൽ പോലും കോവിഡ് രോഗികൾക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല.  സർക്കാർ സ്വകാര്യ മേഖലകൾ തികഞ്ഞ സഹകരണത്തോടെയാണ് കോവിഡിനെ നേരിടാൻ ശ്രമിച്ച് വരുന്നത്.  ഗുരുതരമായ രോഗലക്ഷണമില്ലാതെ വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയേണ്ടിവരുന്നവർക്ക് അതിനുള്ള സൌകര്യം വീടുകളിലില്ലെങ്കിൽ അവർക്ക് മാറി താമസിക്കാൻ ഗാർഹിക പരിചരണ കേന്ദ്രങ്ങളും (ഡൊമിസിലിയറി കെയർ  സെന്റർ: ഡി സി സി) സംഘടിപ്പിച്ചിട്ടുണ്ട്. 

3. ഒന്നാം തരംഗത്തിൽ കോവിഡ് നിയന്ത്രണം കാര്യക്ഷമതയോടെ നടപ്പിലാക്കിയതിനാൽ കേരളത്തിൽ രോഗവ്യാപനം വളരെ കുറവായിരുന്നു. ഒന്നാം തരംഗത്തിന്റെ അവസാനത്തോടെ ഐ സി എം ആർ നടത്തിയ സീറോ പ്രിവലൻസ് പഠനമനുസരിച്ച് രോഗവ്യാപനനിരക്ക മറ്റ് സംസ്ഥാനങ്ങളുടേതിന്റെ (21.6) ഏതാണ്ട്  പകുതിമാത്രം (11.4) മാത്രമായിരുന്നു കേരളത്തിൽ രേഖപ്പെടുത്തിയത്  അത് കൊണ്ട് രണ്ടാം തരംഗത്തിൽ രോഗസാധ്യതയുള്ളവർ (Susceptible Population) കേരളത്തിൽ കൂടുതലായിരുന്നു. അതുകൊണ്ടാണ് രണ്ടാം തരംഗത്തിൽ കേരളത്തിൽ രോഗികളുടെ എണ്ണം വർധിച്ചത്. രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ടെസ്റ്റിംഗിന്റെ എണ്ണം ഗണ്യമായി വർധിപ്പിച്ചിട്ടുമുണ്ട്. 

4. രണ്ടാംതരംഗത്തിൽ രോഗവ്യാപന സാധ്യത വളരെയെറെയുള്ള ഡെൽറ്റ വൈറസ് വകഭേദമാണ് കേരളത്തിൽ എത്തിയത്, സ്വാഭാവികമായും രോഗം കൂടുതൽ പേരിലേക്ക് വ്യാപിച്ചു.  ഒന്നാംതരംഗത്തിലുണ്ടായിരുന്നു വൈറസ് ഒരാളിൽ നിന്നും 2-3 പേരിലേക്കെത്തുമ്പോൾ ഡെൽറ്റ വൈറസ് 8-10 പേരിലേക്ക് പടരാൻ സാധ്യതയുണ്ട്. കേരളത്തിലെ ജനസാന്ദ്രത കൂടുതലായത്   ഡെൽറ്റ വൈറസ് വ്യാപനം കേരളത്തിൽ കൂടുതലായി സംഭവിച്ചു. . മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽ  രോഗവ്യാപനം കൂടുതലായ നഗരകേന്ദ്രങ്ങളിൽ നിന്നും ഒറ്റപ്പെട്ട ഗ്രാമങ്ങളാണുള്ളതെന്നത് കൊണ്ട് സംസ്ഥാനമൊട്ടാകെയുള്ള രോഗവ്യാപനം കുറഞ്ഞിരുന്നു. എന്നാൽ കേരളത്തിൽ    ഗ്രാമനഗരങ്ങൾ പരസ്പരം ബന്ധപ്പെട്ട് തുടർച്ചയായി നിലനിൽക്കുന്നത് കൊണ്ട് രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടർന്ന്പിടിക്കാനുള്ള സാഹചര്യമുണ്ടായി.

5. ഡെൽറ്റ വൈറസ്, രോഗം വന്ന് ഭേദമായവരിലും വാക്സിനേഷൻ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ പരിമിതമായി മറികടക്കുന്നതിനാൽ രോഗം ഭേദമായവർ  റീ ഇൻഫക്ഷനും വാക്സിൻ എടുത്തവർ  ബ്രേക്ക് ത്രൂ ഇൻഫക്ഷനും വിധേയരായിത്തുടങ്ങി.  ഇപ്പോൾ പോസ്റ്റിറ്റീവാകുന്നവരിൽ പലരും ഈ  വിഭാഗത്തിൽ പെട്ടവരാണ്. എന്നാൽ ഇവർക്ക് ഗുരുതരമായ രോഗലക്ഷണമുണ്ടാവില്ലെന്നതും  മരണ സാധ്യത തീരെയില്ലന്നതും ആശ്വാസകരമാണ്.

6. ഈ സാഹചര്യത്തിൽ കോവിഡ് പെരുമാറ്റചട്ടങ്ങൾ കർശനമായി നടപ്പിലാക്കാനും  കോവിഡ് വാക്സിനേഷൻ ത്വരിതഗതിയിലാക്കാനുമാണ് സർക്കാർ ശ്രമിച്ച് വരുന്നത്. കേന്ദ്രത്തിൽ നിന്നും കിട്ടുന്ന മുറക്ക് ഒട്ടും പാഴാക്കാതെ വാക്സിൻ വിതരണം ചെയ്യുന്നതിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളം മുൻപന്തിയിലാണ്.  ഇക്കാര്യത്തിൽ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടുമുണ്ട്.  ഇപ്പോൾ സ്വകാര്യ ആശുപത്രികൾ വഴിയും വാക്സിൻ വിതരണം ആരംഭിച്ചിട്ടുണ്ട്.  കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകൾക്ക് പുറമേ റഷ്യയുടെ സ്പുട്ട്നിക്ക് വാക്സിനും ചില ആശുപത്രികൾ നൽകിവരുന്നു. അധികം വൈകാതെ ഇന്ത്യൻ-അമേരിക്കൻ കമ്പനികളുടെ  മറ്റ് വാക്സിനുകളും ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നു.  അങ്ങിനെയെങ്കിലും 2-3 മാസങ്ങഓൾക്കകം തന്നെ 60-70 ശതമാനം പേർക്ക് വാക്സിൻ നൽകി സാമൂഹ്യപ്രതിരോധ ശേഷി  (ഹേർഡ് ഇമ്മ്യൂണിറ്റി) കൈവരിക്കാൻ കഴിയുമെന്ന് ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്.

7. ഇപ്പോൾ നടത്തിവരുന്ന  ലഘൂകരിച്ച  ലോക്ക് ഡൌൺ വിജയിപ്പിക്കുന്നതോടൊപ്പം അർഹമായ മുറക്ക്  വാക്സിൻ സ്വീകരിക്കാനും സൂക്ഷ്മതലത്തിൽ കോവിഡ് പെരുമാറ്റചട്ടങ്ങൾ കർശനമായി പാലിക്കാനും  എല്ലാവരും ശ്രദ്ധിച്ചാൽ നമുക്ക് കോവിഡ് മഹാമാരിയെ നിയന്ത്രണവിധേയമാക്കി മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയും,  മാസ്ക് മാറ്റുന്ന അവസരങ്ങളിൽ (ആഹാരവും  പാനീയങ്ങളും കഴിക്കുമ്പോൾ) ശരീരംദൂരം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  വാക്സിൻ എടുത്തവർ ബ്രേക്ക് ത്രൂ ഇൻഫക്ഷൻ ഒഴിവാക്കാനും മറ്റുള്ളവരിലേക്ക് രോഗം പരത്താതിരിക്കാനും മാസ്ക് ധരിച്ചിരിക്കണം. വാക്സിൻ എടുത്തവർ രോഗവാഹകരാവാൻ സാധ്യതയുണ്ട്. അടഞ്ഞമുറികൾ പ്രത്യേകിച്ച് എ.സി മുറികൾ ഉപയോഗിക്കരുത്, മുറികളുടെ ജനലകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണം.   ചെറുതും വലുതുമായ എല്ലാ കൂടിചേരലുകളും ഒഴിവാക്കണം.  

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പതിവായി വിളിച്ച് ചേർക്കുന്ന മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥന്മാരും പങ്കെടുക്കുന്ന അവലോകന യോഗങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും നിരന്തരം വിലയിരുത്തിവരുന്നുണ്ട്.  മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ കോവിഡ് സംബന്ധിച്ച് എല്ലാവിവരങ്ങൾ സുതാര്യമായി കേരളസമൂഹത്തെ അറിയിക്കുന്നുണ്ട്. മാത്രമല്ല,  മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നുമുണ്ട്.  മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ കോവിഡ് പൊതുജനാരോഗ്യ വിദ്യാഭ്യാസപരിപാടിയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാഷ്ടീയ ഭിന്നതകൾ ഒഴിവാക്കി എല്ലാവരും ഒത്തൊരുമിച്ച് കോവിഡ് മഹാമരിയെ അതിജീവിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന പരിപാടികളോട് സഹകരിക്കയാണ് വേണ്ടത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios