കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ.പറഞ്ഞു. നിരവധി ആവശ്യങ്ങൾ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
തിരുവനന്തപുരം:കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ.പറഞ്ഞു. നിരവധി ആവശ്യങ്ങൾ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ന്യായമായ കാര്യങ്ങൾക്ക് പോലും പലപ്പോഴും നമ്മൾ ബുദ്ധിമുട്ടുകയാണെന്നും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കേരളത്തിന് ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പി സന്തോഷ് കുമാർ എം.പി പറഞ്ഞു. കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്ക് ഒട്ടും കുറവില്ല. കേരളം ഇവിടെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടാണ് കേന്ദ്രത്തോട് ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പ്രത്യേക സാമ്പത്തിക പാക്കേജിന് അടക്കം അപേക്ഷിച്ചിട്ടുണ്ട്. എയിംസ് അടക്കമുള്ള ആവശ്യങ്ങളും കേന്ദ്രത്തിന് മുമ്പാകെ വെച്ചിട്ടുണ്ടെന്നും പി സന്തോഷ് കുമാര്‍ എംപി പറഞ്ഞു.
കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുമ്പോൾ കേരളത്തിനും വലിയ പ്രതീക്ഷകളാണ്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നിർദ്ദേശങ്ങൾ നിർമലയുടെ പെട്ടിയിൽ ഉണ്ടാകാനാണ് സാധ്യത. കേരളത്തെ സംബന്ധിച്ചടുത്തോളം അതിവേഗ റെയിൽ പാതയും എയിംസും വയനാട് പുനരധിവാസ ഫണ്ടുമൊക്കെയാണ് വലിയ പ്രതീക്ഷയായിട്ടുള്ളത്. നാളെ ധനമന്ത്രി ബജറ്റിൽ കേരളത്തിന് അതിവേഗ റെയിൽപാത പ്രഖ്യാപിച്ചാൽ അതൊരു വലിയ സ്വപ്ന സാക്ഷാത്കാരമാകും. കെ റെയിലിന് മഞ്ഞക്കുറ്റിയിട്ട സർക്കാരിനെ സംബന്ധിച്ചടുത്തോളം അതിവേഗ പാത വലിയ ആശ്വാസമാകും. എയിംസ് ഇത്തവണയെങ്കിലും കേരളത്തിന് കിട്ടുമോ? എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. വയനാട് പുനരധിവാസത്തിനായി വലിയൊരു തുക കേന്ദ്രം പ്രഖ്യപിച്ചാൽ അതും കേരളത്തിന് വലിയ ആശ്വാസമാകും. കേരളത്തിന്‍റെ സ്വപ്ന സാക്ഷാത്കാരമായ വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോ എന്നതും കണ്ടറിയണം. ശബരി പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള പണവും നിർമല പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിന് മുന്നെ കേരളത്തിന് അത് വലിയൊരു നേട്ടമാകും.


