കേരളത്തില്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ തുടങ്ങുന്നതിനെപ്പറ്റി മുഖ്യമന്ത്രിയുമായി കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കയിലെ സിഡിസിയുമായി ഇതിനെ ബന്ധപ്പെടുത്തുന്നതും ചര്‍ച്ചയായി.

തിരുവനന്തപുരം: കേരളത്തിൽ തുടങ്ങുന്ന സെന്റർ ഫോർ ഡിസീസ് കണ്ട്രോളിന് അമേരിക്ക പിന്തുണ വാഗ്ദാനം ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George). മന്ത്രിയുമായി ചെന്നൈ യു എസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ യു എസ് പങ്കാളിത്തം ഉറപ്പ് നല്‍കി. കേരളത്തില്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ തുടങ്ങുന്നതിനെപ്പറ്റി മുഖ്യമന്ത്രിയുമായി കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കയിലെ സിഡിസിയുമായി ഇതിനെ ബന്ധപ്പെടുത്തുന്നതും ചര്‍ച്ചയായി. സംസ്ഥാനത്തെ സിഡിസിയ്ക്ക് കോണ്‍സുല്‍ ജനറല്‍ എല്ലാ പിന്തുണയും നല്‍കി.

കേരളത്തിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ കോണ്‍സുല്‍ ജനറല്‍ അഭിനന്ദിച്ചു. കേരളത്തിന്റെ വാക്‌സിന്‍ ഉത്പാദനം, ആരോഗ്യ പ്രവര്‍ത്തകരുടെ അമേരിക്കയിലെ തൊഴില്‍ സാധ്യത എന്നിവ സംസാരിച്ചു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകളുടെ റിക്രൂട്ട്‌മെന്റ് എളുപ്പത്തിലാക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്തു. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ ഐവിഎല്‍പി എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ മന്ത്രി മുമ്പ് പങ്കെടുത്തതില്‍ കോണ്‍സുല്‍ ജനറല്‍ സന്തോഷം രേഖപ്പെടുത്തി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ചെന്നൈ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് കള്‍ച്ചറല്‍ അഫയേഴ്‌സ് ഓഫീസര്‍ സ്‌കോട്ട് ഹര്‍ട്ട്മന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ന് 438 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 562 പേർക്ക്

കേരളത്തില്‍ 438 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 100, തിരുവനന്തപുരം 62, കോട്ടയം 58, തൃശൂര്‍ 44, കോഴിക്കോട് 35, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 23, മലപ്പുറം 17, ആലപ്പുഴ 15, കണ്ണൂര്‍ 12, കാസര്‍ഗോഡ് 6, വയനാട് 6, പാലക്കാട് 3 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 389 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 42 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 562 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 67, കൊല്ലം 10, പത്തനംതിട്ട 20, ആലപ്പുഴ 9, കോട്ടയം 82, ഇടുക്കി 37, എറണാകുളം 151, തൃശൂര്‍ 46, പാലക്കാട് 3, മലപ്പുറം 15, കോഴിക്കോട് 67, വയനാട് 23, കണ്ണൂര്‍ 22, കാസര്‍ഗോഡ് 10 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,60,147 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,865 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 17,655 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 13,191 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 12,920 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 271 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 52 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3410 കൊവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.