Asianet News MalayalamAsianet News Malayalam

കൊവിഡിലും 'വിഐപി': ആശുപത്രികളില്‍ വിഐപികള്‍ക്കായി പ്രത്യേക മുറികൾ

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെകൂടുമ്പോഴാണ് വിഐപികള്‍ക്കായി പ്രത്യേക നീക്കം. 

Health Services Department ensuring sufficient room for VIP in covid Hospitals
Author
Thiruvananthapuram, First Published Jul 31, 2020, 12:06 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ‍് ആശുപത്രികളില്‍ വിഐപി മുറികളൊരുക്കാന്‍ ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിക്കഴിഞ്ഞു. ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും ലക്ഷണമില്ലാത്തവര്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ തേടാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ചെയ്യുന്നതിനിടെയാണ് കൊവിഡ് കേന്ദ്രങ്ങളില്‍ വിഐപികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ്. ഓരോ കൊവിഡ് ആശുപത്രികളിലും മൂന്ന് മുറികള്‍ വീതം വിഐപികള്‍ക്കായി തയ്യാറാക്കി വെക്കാനാണ് നിര്‍ദേശം. വിഐപി സൗകര്യമുള്ള മെഡിക്കല്‍ കോളേജുകളില്‍ മുറികള്‍ പഞ്ചനക്ഷത്ര സൗകര്യത്തിലേക്ക്  മാറ്റാനും നിര്‍ദേശമുണ്ട്.

ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനത്തെ 29 കൊവിഡ് ആശുപത്രികളിലും വിഐപി മുറികള്‍ ഒരുക്കാനുള്ള നടപടികള്‍ തുടങ്ങി. ഓരോ ജില്ലയിലെയും പ്രധാന സര്‍ക്കാര്‍ ആശുപത്രികളോ മെഡിക്കല്‍ കോളേജുകളോ ആണ് കൊവിഡ് ആശുപത്രിയായി മാറ്റിയത്. ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും ഉള്‍പ്പടെ രോഗം സ്ഥിരീകരിക്കുകയും പല വിഭാഗങ്ങളിലും ചികിത്സ പ്രതിസന്ധിയിലാവുകയും ചെയ്ത പശ്ചാത്തലം നിലനില്‍ക്കെയാണ് വിഐപികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനുള്ള തീരുമാനം.

Follow Us:
Download App:
  • android
  • ios