വെന്‍റിലേറ്ററിൽ രണ്ടാം  ദിവസം പിന്നിടുകയാണ് ക്രൂരമർദ്ദനമേറ്റ പിഞ്ചുകുഞ്ഞ്. 48 മണിക്കൂര്‍ കൂടി കഴിഞ്ഞാലെ എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് കോലഞ്ചേരി മെഡിക്കൽ മിഷന്‍ ആശുപത്രിയിലെ ഡോക്ടർമാർ  പറയു

കോലഞ്ചേരി: കാക്കാനാട്ട് ശരീരമാസകലം പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടരവയസ്സുകാരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിന്‍റെ ഇരുവശത്തും നീർക്കെട്ടും രക്തസ്രാവവും ഉണ്ടെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു. കുട്ടി സ്വയം പരിക്കേൽപിച്ചതാണെന്ന അമ്മയുടെ മൊഴി കളവാണെന്നും ഇവരുടെ കൂടെ താമസിക്കുന്ന ആന്‍റണി ടിജോ ഉള്‍പ്പെടെ എല്ലാവരുടെയും പശ്ചാത്തലം വിശദമായി പരിശോധിച്ചുവരികയാണമെന്നും സിറ്റി പൊലീസ് കമീഷണര്‍ പറഞ്ഞു. 

വെന്‍റിലേറ്ററില് രണ്ടാം ദിവസം പിന്നിടുകയാണ് ക്രൂരമർദ്ദനമേറ്റ പിഞ്ചുകുഞ്ഞ്. 48 മണിക്കൂര്‍ കൂടി കഴിഞ്ഞാലെ എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് കോലഞ്ചേരി മെഡിക്കൽ മിഷന്‍ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. തലച്ചോറിന്‍റെ ഇരുവശത്തും നീർക്കെട്ടും രക്തസ്രാവവും ഉണ്ട്. രക്തധനമികളിൽ രക്തം കട്ടപിടിച്ച അവസ്ഥയിൽ. കഴുത്തിന്‍റെ ഭാഗം വരെ പരിക്ക്. നട്ടെല്ലിന്‍റെ മുകൾ ഭാഗം മുതൽ രക്തസ്രാവം. ഇടതു കൈ രണ്ടിടത്ത് ഒടിഞ്ഞിട്ടുണ്ട്. കൂടെ പൊള്ളലുമുണ്ട്. ഒരു മാസം മുതല്‍ 24 മണിക്കൂർ വരെ പഴക്കമുള്ള പരിക്കുകളാണ് കുഞ്ഞിന്‍റെ ദേഹത്തുള്ളത്.

സംഭവം വിവാദമായതോടെ എറണാകുളം ജില്ല ശിശുക്ഷേമസമിതിയും സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങി. കൗണ്‍സില്‍ വൈസ് ചെയര്മാന്‍ കെഎസ് അരുണിന്‍റെ നേതൃത്വത്തില്‍ അംഗങ്ങല്‍ ആശുപത്രിയിലെത്തി ഡോക്ടര്മാരുടെയും അമ്മ ,അമ്മൂമ്മ എന്നിവരുടെയും മൊഴി എടുത്തു. തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതിക്കും സർക്കാരിനും റിപ്പോര്‍ട്ട് നൽകും. സഹോദരിമാര്‍ ഉള്‍പ്പെടെ ഫ്ലാറ്റിലുണ്ടായിരുന്ന മുഴുവന്‍ പേരുടെയും പശ്ചാത്തലം അന്വേഷിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. രണ്ടര വയസ്സുകാരി സ്വയം പരിക്കേൽപ്പിച്ചതാണെന്ന അമ്മയുടെ വാദം കള്ളമെന്ന് തെളിഞ്ഞതായി സിറ്റി പൊലീസ് കമീഷണര്‍ എച്ച് നാഗരാജു അറിയിച്ചു. 

 കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയുടെ മകന്‍റെ മൊഴിയും പൊലീസ് താമസിയാതെ ശേഖരിക്കും. ഈ മകനും സമാനമായി മര്‍ദ്ദനമേറ്റിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. കൗണ്‍സിലര്‍മാരുടെ സഹായത്തോടെ ഈ കുട്ടിയുടെ മൊഴി ശേഖരിക്കാന്‍ ശിശു ക്ഷേമസമിതിക്ക് കത്ത് നല്‍കും. ഇതിന് ശേഷം അമ്മ, അമ്മൂമ്മ എന്നിവരുടെ വിശദമായ മൊഴിയെടുക്കും. ഇതിന് ശേഷമായിരിക്കും ഇവരുടെ കൂടെ താമസിച്ച ആന്‍റണി ടിജിനെ വിളിച്ചുവരുത്തുക. നിലവില്‍ ഇയാള്‍ മാറിനില്ക്കുകയാണെങ്കിലും ഒളിവിൽ പോയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.