കൊച്ചി: മസ്‍തിഷ്‍ക മരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി അനുജിത്തിന്‍റെ  ഹൃദയം തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിൽ മിടിച്ച് തുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി മെഡിക്കല്‍ സംഘം അറിയിച്ചു. എന്നാല്‍ വരുന്ന 48 മണിക്കൂർ നിർണായകമായിരിക്കും. തിരുവനന്തപുരത്ത് നിന്ന് ഇന്ന് വൈകീട്ടോടെയാണ് ഹൃദയം ഉൾപ്പെടുന്ന അവയവങ്ങളുമായി സർക്കാർ ഹെലികോപ്റ്റർ കൊച്ചിയിലെത്തിച്ചത്.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അനുജിത്തിന്‍റെ മസ്‍തിഷ്‍ക മരണം സ്ഥിരീകരിച്ചത് ഇന്നലെ രാത്രിയാണ്. ഇതോടെയാണ് സംസ്ഥാനത്ത് എയർ ആംബുലൻസ് വഴിയുള്ള നാലാമത്തെ  ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വഴി തെളിഞ്ഞത്. മൃതസ‍ജ്ജീവനി പദ്ധതി വഴി രജിസ്റ്റർ ചെയ്ത് എട്ടുമാസമായി കാത്തിരിപ്പിലായിരുന്നു 55 വയസ്സുകാരനായ തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസ്. അനുജിത്തിന്‍റെ ഹൃദയം അനുയോജ്യമെന്ന് ഉറപ്പിച്ചതോടെ തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ വഴി കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാൻ സർക്കാർ അനുമതി നൽകി.

കൊച്ചിയിൽ നിന്ന് മെഡിക്കൽ സംഘം തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി. ശസ്ത്രക്രിയയിലൂടെ ഹൃദയവും മറ്റ് അവയവങ്ങളും അനുജിത്തിന്‍റെ ശരീരത്തിൽ നിന്ന് വേർപ്പെടുത്തി ഉച്ചക്ക് 1.54 അവയവങ്ങളുമായി ഹെലികോപ്റ്റർ കൊച്ചിയിലേക്ക് പറന്നു. 2.44 ന് ഹെലികോപ്റ്റർ കൊച്ചിയിൽ എത്തി. പൊലീസ് സുരക്ഷയിൽ  ഹെലിപാഡിൽ നിന്ന് ലിസി ആശുപത്രിയിലെത്തിയത് മൂന്ന് മിനിറ്റ് സമയം കൊണ്ടാണ്. ഉടൻ തന്നെ ശസ്ത്രക്രിയ തുടങ്ങി. 3മണിക്കൂർ 11 മിനിറ്റ് കൊണ്ട് അനുജിത്തിന്‍റെ ഹൃദയം സണ്ണി തോമസ്സിൽ മിടിച്ച് തുടങ്ങി. കൊച്ചിയിലെ ആശുപത്രിയിൽ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ അനുജിത്തിന്‍റെ ചെറുകുടൽ പാലക്കാട് സ്വദേശിയായ സ്ത്രീക്കും,രണ്ട് കൈകൾ 23 വയസ്സുള്ള ചെറുപ്പക്കാരനും തുന്നി ചേർത്തു. 27 വയസ്സുള്ള അനുജിത്ത് കൊട്ടാരക്കരയിലെ സൂപ്പർ മാർക്കറ്റിൽ സെയില്‍സ്‍മാനായിരുന്നു. മൂന്ന് വയസ്സുള്ള മകനുണ്ട്.