അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിക്കുകയായിരുന്നു.
കൊല്ലം: കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ (24.04.2026 വെള്ളിയാഴ്ച) അവധി പ്രഖ്യാപിക്കുകയായിരുന്നു. മുന്‍നിശ്ചയിച്ചപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ബാധകമല്ല.
അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലും ഉയർന്ന താപനിലയും ഉയർന്ന അന്തരീക്ഷ ഈർപ്പവും മൂലമുള്ള അത്യുഷ്ണം അനുഭവപ്പെടും. അതിനാൽ സംസ്ഥാനത്താകെ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
തൊഴിൽ വകുപ്പിനുള്ള പ്രത്യേക നിർദേശം
തൊഴിൽ സമയം പുനഃക്രമീകരിച്ചു പുറത്തിറക്കിയ ഉത്തരവ് കർശനമായി നടപ്പിലാക്കണം. അതിനാവശ്യമായ പരിശോധനകൾ നടത്തേണ്ടതാണ്.
അതിഥി തൊഴിലാളികളിലേക്കും മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.
വ്യാപാര കേന്ദ്രങ്ങളിലും മാർക്കറ്റുകളിലും വായുസഞ്ചാരം, കുടിവെള്ളം, ടോയ്‌ലെറ്റ് സൗകര്യങ്ങൾ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതും അതില്ലാത്ത ഇടങ്ങളിൽ കടകളിലെ തൊഴിലാളികളുടെ ഉൾപ്പെടെ സുരക്ഷ മുൻനിർത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.
ഹോട്ടലുകളിൽ വെയിറ്റ് ചെയ്യേണ്ടി വരുന്ന ടാക്സി തൊഴിലാളികൾക്ക് ഹോട്ടലുകളിൽ വിശ്രമിക്കാനുള്ള സൗകര്യമൊരുക്കാൻ നിർദേശം നൽകണം.
ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള താൽക്കാലിക സൗകര്യങ്ങൾ ഒരുക്കണം.
ഓൺലൈൻ വിതരണ തൊഴിലാളികൾക്ക് അവരുടെ സംഭരണ കേന്ദ്രങ്ങളിലും ഭക്ഷണ വിതരണക്കാർക്ക് റെസ്റ്റോറന്റ്കളുടെ സമീപത്തായും തണലോട് കൂടിയ വിശ്രമ സൗകര്യം ഒരുക്കാൻ നടപടി സ്വീകരിക്കണം. തൊഴിലാളികൾക്ക് യൂണിഫോമിൽ ഉൾപ്പെടെ ഇളവുകൾ നൽകാൻ ഓൺലൈൻ പ്ലാറ്റ്ഫോം ഉടമകൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകേണ്ടതാണ്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവരുമായി സഹകരിച്ചു മേൽ നടപടികളും മറ്റ് തൊഴിൽ മേഖലകളിലും ആവശ്യമായ നടപടികൾ അടിയന്തരമായി കൈക്കൊള്ളാൻ നിർദേശിക്കുന്നു.



