തിരുവനന്തപുരം: മഹാപ്രളയത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ സംസ്ഥാനത്തുണ്ടായ രൂക്ഷമായ മഴക്കെടുതിയില്‍ വായുസേനയുടെ സഹായം തേടി സര്‍ക്കാര്‍. പ്രകൃതിക്ഷോഭത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനായാണ് വായുസേനയുടെ സഹായം തേടിയിരിക്കുന്നത്. വയനാട്, മലപ്പുറം ജില്ലകളില്‍ പലയിടത്തുമായി നൂറുകണക്കിന് ആളുകള്‍ കുടുങ്ങി കിടക്കുന്നതായുള്ള വിവരം നേരത്തെ പുറത്തു വന്നിരുന്നു. 

ഇവരെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വായുസേനയുടെ സഹായം തേടാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത്  കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തില്‍ മത്സ്യത്തൊഴിലാളികളും ഇന്ത്യന്‍ വ്യോമസേനയും കരസേനയും ചേര്‍ന്നാണ് കൂടുതല്‍ പേരെ രക്ഷിച്ചത്. കണ്ണൂരിലെ മലയോര മേഖലകളിലും മലപ്പുറം നിലമ്പൂരിലും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനായി ഇതിനോടകം മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി രംഗത്ത് എത്തിയിട്ടുണ്ട്.