സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്. ശക്തമായ മഴ മുന്നറിയിപ്പാണ് ഈ ജില്ലകളില്‍ നൽകിയിരിക്കുന്നത്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്. കണ്ണൂരും കാസർകോടും നാളെയും ഓറഞ്ച് അലർട്ടാണ്. മറ്റു ജില്ലകളിൽ നാളെ യെല്ലോ അലർട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബുധനാഴ്ച വരെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഓറഞ്ച് അലർട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും

ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് തിരുവനന്തപുരത്ത് മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ശക്തമായ നീരൊഴുക്കിനെ തുടർന്ന് അരുവിക്കര ഡാമിന്‍റെ രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ ഇന്ന് (ജൂൺ 28) വൈകിട്ട് 4 മണിക്ക് 10 സെന്റിമീറ്റർ വീതം (കഴിഞ്ഞ ദിവസം ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പടെ ആകെ 80 സെന്റിമീറ്റർ) ഉയർത്തും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് എ. നിസ അറിയിച്ചു.

വൈദ്യുതി നിയന്ത്രണം തുടരുന്നു

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെ രാത്രി മിക്ക ഇടങ്ങളിലും ഒന്നിലധികം തവണ വൈദ്യുതി മുടങ്ങി. ജൂൺ 30 വരെ കടുത്ത വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്നതായി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ പറഞ്ഞിരുന്നു. മൺസൂൺ വേണ്ടത്ര ശക്തി പ്രാപിക്കാത്തത് ആണ് പ്രധാന പ്രതിസന്ധിയെന്ന് വൈദ്യുതി വകുപ്പ് പറയുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 'സ്വാപ്പ്' കരാർ പ്രകാരം വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ടതുണ്ട്. ഇത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

YouTube video player