കോഴിക്കോട്: മഴക്കെടുതി തുടരുന്ന കോഴിക്കോട് ജില്ലയില്‍ 171 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മലയോരമേഖലകളിലെ നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളില്‍ അഭയം തേടി. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കോഴിക്കോട് നഗരപ്രദേശങ്ങളിലും വെളളം കയറി. 

മഴയുടെ ശക്തി കുറഞ്ഞിട്ടും കോഴിക്കോട്ടെ ദുരിതക്കാഴ്ചകള്‍ക്ക് കുറവില്ല, കോടഞ്ചേരി, കൂടരഞ്ഞി, കുറ്റ്യാടി, വിലങ്ങാട് ഭാഗങ്ങളില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും മണ്ണിടിച്ചിലും മലവെളളപ്പാച്ചിലും തുടരുകയാണ്. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.  

സ്വന്തം നിലയില്‍ ബന്ധുവീടുകളിലേക്ക് മാറിയവരും ഏറെ.  കോടഞ്ചേരി പഞ്ചായത്തിലെ പറന്പറ്റ, പോത്തുണ്ടി പാലങ്ങള്‍ തകര്‍ന്നതു മൂലം ചെന്പുകടവ് അടിവാരം പാതയില്‍ ഗതാഗതം തടസപ്പെട്ടു. ഉരുട്ടിപാലം പൂര്ണമായി വെളളത്തിലായതോടെ കല്ലാച്ചി വിലങ്ങാട് പാതയിലും ഗതാഗതം തടസപ്പെട്ടു. ചെന്പുകടവ് 82 പേരെയും, തിരുവന്പാടി മുത്തപ്പന്‍പുഴയില്‍18 പെരെയും, മാവൂരില്‍ 33 പെരെയും ക്യാംപുകളിലേക്ക് മാറ്റി.

ചാലിയാറിലൂടെ ഒഴുകിയെത്തുന്ന വെളളം വേലിയേറ്റം മൂലം കടലിലേക്ക് ഇറങ്ങാത്തത് കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കുണ്ടായിത്തോട് അടക്കമുളള പ്രദേശങ്ങളില്‍ വെളളക്കെട്ടിന് കാരണമായി.