പലയിടത്തും മണ്ണിടിച്ചില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഒന്നര ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

മുംബൈ: മൂന്ന് ദിവസമായി തുടരുന്ന കനത്ത പേമാരിയില്‍ മഹാരാഷ്ട്രയിലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപക നാശനഷ്ടം. കൊങ്കന്‍മേഖലയിലും തെലങ്കാനയുടെ വടക്കന്‍ മേഖലയിലും പ്രളയസമാനമായ സാഹചര്യമാണ്. മഹാരാഷ്ട്രയില്‍ മാത്രം 138 പേര്‍ മരിച്ചു. വെള്ളപ്പൊക്കത്തില്‍ ഓക്സിജന്‍ വിതരണം തടസപ്പെട്ട് എട്ട് കൊവിഡ് രോഗികള്‍ മരിച്ചു. പലയിടത്തും മണ്ണിടിച്ചില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഒന്നര ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

നാല്‍പ്പത് വര്‍ഷത്തിനിടെ മഹാരാഷ്ട്രയിലുണ്ടായ ഏറ്റവും കനത്ത മഴയിൽ കൊങ്കന്‍ മേഖല ഒറ്റപ്പെട്ടു. റായ്ഗഡിലുണ്ടായ മണ്ണിടിച്ചില്‍ കുടുങ്ങിയ 63 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 70 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. കുടുങ്ങികിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശക്തമായ കുത്തൊഴുക്കില്‍ പ്രധാന റോഡുകള്‍ തകര്‍ന്നു. കൊങ്കന്‍ മേഖലയില്‍ നിരവധി യാത്രക്കാരാണ് കുടുങ്ങിയിരിക്കുന്നത്. 

രത്നഗിരിയിലും ഖേഥിലും വെള്ളപ്പൊക്കത്തിൽ ഓക്സിജൻ വിതരണം തടസപ്പെട്ട് എട്ടു കൊവിഡ് രോഗികൾ മരിച്ചു. ബെലഗാവിയിലെ ധാര്‍വിഡിലെയും ഗ്രാമങ്ങള്‍ വെള്ളത്തിനിടയിലായി. ഒരു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കനത്ത മഴയ്ക്കൊപ്പം മഹാരാഷ്ട്രയിലെ ജലസംഭരണികളുടെ ഷട്ടറുകള്‍ കൂടി തുറന്നതോടെ കൃഷ്ണ ഗോദാവരി നദികള്‍ കരകവിഞ്ഞു. 

തെലങ്കാനയുടെ വടക്കന്‍ ജില്ലകള്‍, ഉത്തരകന്നഡ, ശിവമോഗ, ഉഡുപ്പി എന്നിവടങ്ങളില്‍ പ്രളയസമാനമായ സാഹചര്യമാണ്. നിരവധി വീടുകള്‍ തകര്‍ന്നു.ഒഴുക്കില്‍പ്പെട്ട് 23 പേരെ കാണാതായി. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി, ഹെക്ടര്‍ കണക്കിന് കൃഷി നാശമുണ്ടായതായാണ് നിഗമനം. ബെംഗ്ലളുരൂ പൂണൈ ദേശീപാതയിലും മംഗ്ലളുരു പാതയിലും ഗതാഗതം രണ്ട് ദിവസത്തേക്ക് നിരോധിച്ചു.സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും ആവശ്യമായ സഹായം ഉറപ്പ് വരുത്തുമെന്നും കേന്ദ്രം അറിയിച്ചു.