10:10 PM (IST) Aug 10

രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും നിലമ്പൂരിലെത്തി ദുരിതബാധിതരെ സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും നിലമ്പൂരിലെത്തി ദുരിതബാധിതരെ സന്ദർശിച്ചു. കവളപ്പാറയില്‍ മരിച്ചവരുടെ ബന്ധുക്കളയും ഇരുവരും കണ്ടു.

10:07 PM (IST) Aug 10

തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍

മഴക്കെടുതി മൂലം നേരിട്ട ഗതാഗതപ്രശ്‍നം പരിഹരിക്കുന്നതിനായി മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ തൃശൂരിൽ നിന്ന് ഇന്ന് (ആഗസ്റ്റ് 10) തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തും. രാത്രി 10.30 ന് ആലപ്പുഴ വഴിയും 10.45 ന് കോട്ടയം വഴിയും 11 .30 ന് കോട്ടയം വഴിയുമാണ് സ്പെഷ്യൽ ട്രെയിനുകൾ സർവ്വീസ് നടത്തുക.

09:53 PM (IST) Aug 10

യുവാവ് കുളത്തില്‍ വീണ് മരിച്ചു

വൈക്കം തലയാഴത്ത് 25 കാരൻ വീട്ടിലെ കുളത്തിൽ വീണ് മരിച്ചു. കണ്ടംതുരുത്ത് ഉള്ളാട്ടിൽ അരവിന്ദ് ആണ് മരിച്ചത്.

09:50 PM (IST) Aug 10

രാഹുല്‍ ഗാന്ധി നാളെ കവളപ്പാറ സന്ദര്‍ശിക്കും

വയനാട് എംപി രാഹുൽ ഗാന്ധി നാളെ കവളപ്പാറ സന്ദർശിക്കും. നാളെ വൈകിട്ട് മൂന്ന് മണിയോടെ കോഴിക്കോട് എത്തിച്ചേരും. തുടർന്ന് ആദ്യം നിലമ്പൂർ സന്ദർശിക്കും. പിന്നീട് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും.

09:44 PM (IST) Aug 10

നിലമ്പൂർ വരെയുളള തീവണ്ടി ഗതാഗതം പുനസ്ഥാപിച്ചു

രാജ്യറാണി എക്സ്പ്രസ് വടക്കാഞ്ചേരി വരെയും അമൃത എക്സ്പ്രസ് ഷൊർണൂർ വരെയും സർവ്വീസ് നടത്തും

09:41 PM (IST) Aug 10

കേരളത്തിന് ഉദാരമായ സഹായം നല്‍കുമെന്ന് അമിത് ഷാ

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി ഉദാരമായ സഹായം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ അറിയിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെയും രക്ഷാപ്രവർത്തനങ്ങളെയും നിലവിലെ പ്രളയസ്ഥിതിയെയും കുറിച്ച് ഗവർണർ സദാശിവം ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, ഗവർണർ അമിത് ഷായുമായി ഫോണിൽ സംസാരിക്കുകയും ഉരുൾപൊട്ടൽ ബാധിത ജില്ലകളിൽ കൂടുതൽ സഹായം തേടുകയും ചെയ്തിരുന്നു.

09:30 PM (IST) Aug 10

ചാലിയാർ പുഴയ്ക്ക് അക്കരെ നാല് ഊരുകളിലായി 220 ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു

ചാലിയാറിന് കുറുകെയുള്ള പാലം തകർന്നതോടെയാണ് മറുകരയിലുള്ള 4 ആദിവാസി കോളനികളിലുള്ളവർ ഒറ്റപ്പെട്ടത്. വാണിയമ്പുഴ, കുമ്പളപ്പാറ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, കോളനികളിലുള്ള 220 പേരാണ് നിലവില്‍ ഒറ്റപ്പെട്ട് കഴിയുന്നത്. ഇവര്‍ കാട് വിട്ട് വരില്ലെന്നാണ് പറയുന്നത്. ഇവര്‍ക്ക് ഭക്ഷണം കയറില്‍ കെട്ടിയാണ് എത്തിക്കുന്നത്.

09:14 PM (IST) Aug 10

കേരളത്തിന് 52. 27കോടി അനുവദിച്ചെന്ന് മുരളീധരന്‍

കേരളത്തിന് അടിയന്തരദുരിതാശ്വാസത്തിന് 52. 27കോടി ഇക്കൊല്ലം അനുവദിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കഴിഞ്ഞ തവണ നല്‍കിയതില്‍ പകുതി തുക ഇപ്പോഴും സംസ്ഥാനം ചെലവാക്കിയിട്ടില്ല. സംസ്ഥാനം ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍

09:09 PM (IST) Aug 10

തൃശ്ശൂരില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു

തൃശ്ശൂര്‍ തൊട്ടിപ്പാൾ കാരുകുറ്റി വീട്ടിൽ ദേവദാസ് (70) എന്നയാളാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്.

09:05 PM (IST) Aug 10

കവളപ്പാറയിൽ മരണം ഒമ്പത്, സംസ്ഥാനത്ത് ആകെ മരണം 60

കവളപ്പാറയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ഒരു മൃതദേഹം കൂടി കിട്ടി. ഇതോടെ ഇവിടെ മാത്രം മരണം ഒമ്പതായി. ഇന്നലെ ഇവിടെ നിന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് കിട്ടിയത് ആറ് മൃതദേഹങ്ങളും. ഇനി 54 പേരെ ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. ഇതിൽ 20 പേർ കുട്ടികളാണ്. 

വിശദമായ വാർത്തയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

07:06 PM (IST) Aug 10

വെള്ളരിക്കുണ്ടിൽ വീട്ടിൽ കുടുങ്ങിയവരെ രക്ഷിച്ചു

കാസര്‍കോട് വെള്ളരിക്കുണ്ട് മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ മൂന്നുപേരെയും രക്ഷപ്പെടുത്തി. 58 വയസ്സുള്ള സരോജിനിയെ അൽപസമയം മുൻപാണ് രക്ഷപ്പെടുത്തിയത്. ഇവർക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി.

06:24 PM (IST) Aug 10

കോഴിക്കോട് മരണം 14 ആയി, രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

വടകര മേമുണ്ട തിരുവള്ളൂരിൽ കരുവണ്ടിയിൽ ബാലന്‍റെ മകൻ ലിബീഷ് (32), വേളം കുറിച്ചക്കം പുത്തൻപുരയിൽ നാണുവിന്‍റെ മകൻ അനീഷ് എന്നിവരാണ് മുങ്ങി മരിച്ചത്.

06:19 PM (IST) Aug 10

കാസർകോട് വെള്ളരിക്കുണ്ട് വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു

കാസർകോട് വെള്ളരിക്കുണ്ട് വീട്ടിനുള്ളിലേക്ക് മണ്ണിടിഞ്ഞു വീണു. ബളാൽ കോട്ടക്കുന്ന് ചെട്ടി അമ്പുവിന്‍റെ വീട്ടിലേക്ക് ആണ് മണ്ണിടിഞ്ഞ് വീണത്. വീടിനകത്ത് ആളുണ്ടോ എന്ന് സംശയം ഉണ്ട്. തെരച്ചിൽ നടക്കുന്നു. 58 വയസ്സുള്ള സരോജിനി വീടിനകത്തു കുടുങ്ങി എന്നാണ് വിവരം. 

ഇവിടേക്കുള്ള റോഡും ഇടിഞ്ഞ അവസ്ഥയാണ്. കാസർഗോഡ് ബളാൽ കണ്ടം റോഡിന്‍റെ ചിത്രമാണിത്.

06:15 PM (IST) Aug 10

ന്യൂസ് 18 റിപ്പോർട്ടറടക്കം ഒഴുക്കിൽ പെട്ടു, രക്ഷപ്പെടുത്തി

ഒളവണ്ണ വെള്ളപ്പൊക്ക ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ്‌ 18 റിപ്പോർട്ടർ ഷഹീദ് ഉൾപ്പെടെയുള്ള 3 പേർ ഒഴുക്കിൽ പെട്ടു. ചെറുവഞ്ചിയിൽ ക്യാമ്പ്‌ നടക്കുന്ന സഫയർ സ്‌കൂളിലേക്ക് വരികയായിരുന്നു. അത് വഴി വന്ന മെഷീൻ ഘടിപ്പിച്ച മത്സ്യ ബന്ധന ബോട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്.

06:13 PM (IST) Aug 10

പാലക്കാട് ഡാമുകളിൽ ഷട്ടറുകളുടെ ഉയരം കുറച്ചു

പാലക്കാട്ടെ മൂന്ന് അണക്കെട്ടുകളിലെ ഉയർത്തിയ ഷട്ടറുകൾ ഘട്ടംഘട്ടമായി താഴ്ത്തി വെള്ളം ഒഴുക്കി കളയുന്ന തോത് കുറച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജില്ലയിൽ മഴയുടെ തോത് കുറഞ്ഞതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ, മംഗലം, വാളയാർ ഡാമുകളാണ് തുറന്നത്. കാഞ്ഞിരപ്പുഴ ഡാം ഷട്ടർ ഉയർത്തിയത് 60 സെൻറീമീറ്ററാക്കി കുറച്ചു. മംഗലം ഡാം ഷട്ടർ ഉയർത്തിയിരുന്നത് 30 സെൻറിമീറ്ററാക്കി താഴ്ത്തിയിട്ടുണ്ട്. വാളയാർ ഡാം ഷട്ടർ 7 സെൻറീമീറ്ററാണ് ഉയർത്തിയത്. ഇവിടെ തൽസ്ഥിതി തുടരുന്നു.

കൂടുതൽ വിവരങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

05:10 PM (IST) Aug 10

മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഓഫീസിൽ

മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു.

05:02 PM (IST) Aug 10

ആകെ ഒന്നേമുക്കാൽ ലക്ഷം പേർ ദുരിതാശ്വാസ ക്യാംപുകളിൽ

കേരളത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയവരുടെ എണ്ണം കൂടി. ഇത് വരെ 1,45,928 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ആകെ 1221 ക്യാമ്പുകളാണുള്ളത്. 

05:00 PM (IST) Aug 10

കണ്ണൂരിൽ ഇന്ന് മാത്രം മരണം മൂന്നായി

മഴക്കെടുതിയിൽ കണ്ണൂർ ജില്ലയില്‍ പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ 2 മരണം കൂടി റിപ്പോർട്ട് ചെയ്തു. പുന്നോല്‍ താഴെവയല്‍ പവിത്രം ഹൗസില്‍ നിധിന്‍റെ മകന്‍ ആര്‍ബിന്‍ ആണ് മരിച്ച രണ്ടുവയസ്സുകാരന്‍. വീട്ടിനടുത്തുള്ള വെള്ളക്കെട്ടില്‍ വീണായിരുന്നു മരണം. വയത്തൂര്‍ വില്ലേജിലെ കാലാക്കീല്‍ പുളിമൂട്ടില്‍ ദേവസ്യ (62)യും വെള്ളക്കെട്ടിൽ വീണ് മരിച്ചു. ഇതോടെ ഇന്നത്തെ മരണം മൂന്നായി. 

04:58 PM (IST) Aug 10

മാവേലി, മലബാർ, മംഗളൂരു ഉൾപ്പടെ 10 ട്രെയിനുകൾ കൂടി റദ്ദാക്കി

തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന മാവേലി, മലബാർ, മംഗളൂരു എസ്പ്രസ്സുകൾ റദ്ദാക്കി. കൊച്ചുവേളി - ബെംഗളൂരു എക്സ്പ്രസ് വൈകിട്ട് 4.45-ന് പുറപ്പെടും. 

04:57 PM (IST) Aug 10

കോഴിക്കോട് മരണം 12 ആയി

വേങ്ങേരിയിൽ തമിഴ്‍നാട് നീലഗിരി പന്തലൂർ സ്വദേശി ഹംസ (50 വയസ്സ്) വെള്ളത്തിൽ വീണ് മരിച്ചു. ഇതോടെ ജില്ലയിൽ മരണം 12 ആയി.