തിരുവനന്തപുരം: ലക്ഷദ്വീപ് തീരത്തെ ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നതിനാൽ അടുത്ത രണ്ട് ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വീശാനും സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരത്തെ ന്യൂനമർദ്ദം കൂടുതൽ ശക്തമാകുകയാണ്. വരുന്ന മണിക്കൂറുകളിൽ അത് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാൻ സാധ്യതയുണ്ട്. ഒന്നാം തീയതി വൈകിട്ടോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. 

"

വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും സംസ്ഥാന വ്യാപകമായി ഉണ്ടാകും. ഇന്ന് മണിക്കൂറിൽ അറുപത് കിലോമീറ്റര്‍ വേഗത്തിൽ വരെ കാറ്റു വീശും. ഒന്നാം തീയതി കാറ്റിന്‍റെ വേഗം മണിക്കൂറിൽ 70 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ട്. പിന്നീട് 80 കിമീ മുതൽ 90 കിമീ വേഗതയിൽ വരെ കാറ്റ് വീശുമെന്നും കാലാവസ്ഥാ കേന്ദ്രം കണക്കു കൂട്ടുന്നുണ്ട്. 

അടുത്ത രണ്ട് ദിവസം കേരളത്തിൽ അതിശക്തമായ മഴയും ശക്തമായ കാറ്റും ഉണ്ടാകും. തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുത്. കടലിൽ പോയവര്‍ അടിയന്തരമായി തിരിച്ചെത്തണം. മറ്റന്നാൾ മുതൽ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു.