തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെയാണ് സംസ്ഥാനത്തെ ആശങ്ക കൂട്ടി മഴ ശക്തമായത്. ആളുകളെ മാറ്റിപ്പാർക്കുന്നതിന് 3000 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. എന്നാൽ സാമൂഹിക അകലം പാലിച്ച് ആളുകളെ പാർപ്പിക്കുന്നതടക്കം വെല്ലുവിളിയാണ്.

എല്ലാ ശ്രദ്ധയും കൊവിഡ് പ്രതിരോധത്തിലൂന്നുമ്പോഴാണ് ഇന്നലെ രാത്രി മുതൽ കനത്ത മഴയെത്തിയത്. ഇന്ന് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് മഴ. നാളെ വടക്കൻ ജില്ലകളിലാണ് മഴ ശക്തമാകുകയെന്നാണ് മുന്നറിയിപ്പ്. കൊവിഡ് പശ്ചാത്തലത്തിൽ മഴ കനക്കുമെന്ന് കരുതി ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നാല് രീതിയിലുള്ള സംവിധാനം സർക്കാർ തയ്യാറാക്കിയിരുന്നു.  

വെള്ളം കയറുന്ന പ്രദേശങ്ങളിൽ നിന്ന് സാധാരണജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ക്യാമ്പുകൾ, 60 വയസിൽ കുടുതലുള്ളവർക്ക് പ്രത്യേക ക്യാമ്പുകൾ, കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് പ്രത്യേക ക്യാമ്പ് .ഈ രീതിയിലാണ് ക്രമീകരണം.

എന്നാൽ വ്യാപകമായി ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമ്പോഴാകും യഥാർത്ഥ വെല്ലുവിളി. ഘട്ടം ഘട്ടമായി കൂടുതൽ ഫസ്റ്റ് ലൈൻ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ഇതിനകം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഒരേ സമയം ഫസ്റ്റ് ലൈൻ കേന്ദ്രങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകൾക്കും കെട്ടിടം കണ്ടെത്തലാണ് പ്രതിസന്ധി. തീരങ്ങളിലെ പല ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾക്കും മഴ ഭീഷണിയുണ്ട്. അതേ സമയം നിലവിൽ മഴ മൂലം ആളുകളെ വ്യാപകമായി മാറ്റിപ്പാർപ്പിക്കേണ്ട സ്ഥിതി ഇല്ലെന്നാണ് റവന്യുവകുപ്പ് പറയുന്നത്.