കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും വിവിധ പരിശീലന സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും വിവിധ പരിശീലന സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം. 

പരീക്ഷകൾ മാറ്റി

ഇന്ന് നടക്കേണ്ട സെറ്റ്, ഹയർ സെക്കൻഡറി തുല്യത പരീക്ഷകൾ മാറ്റി. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പരീക്ഷയും പിന്നീട് നടക്കും. അതേസമയം, നാളത്തെ എം.ജി. സർവകലാശാല പരീക്ഷയിലും മാറ്റമുണ്ട്. ഇടുക്കിയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള കായിക ക്ഷമത പരീക്ഷ ചൊവ്വ, ബുധൻ തീയതികളിൽ നടത്താൻ പിഎസ്‍സി നിശ്ചയിച്ചിരുന്നു. ഇത് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ് സി അറിയിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നലെ നടന്ന പത്താംതരം പൊതുപ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് പരീക്ഷയെഴുതാൻ പി.എസ്.സി വീണ്ടും അവസരം നൽകും. ആഗസ്റ്റ് 22ന് ഇവർക്ക് പരീക്ഷ എഴുതാം.