Asianet News MalayalamAsianet News Malayalam

Kerala Rains| സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നിങ്ങനെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

Heavy rain continue in kerala Yellow alert in five districts
Author
Thiruvananthapuram, First Published Oct 24, 2021, 7:10 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ (heavy rain) തുടരും. എവിടെയും തീവ്രമഴ മുന്നറിയിപ്പില്ലെങ്കിലും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നിങ്ങനെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് (yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടും. ഉച്ചയ്ക്ക് ശേഷം വടക്കൻ കേരളത്തിലും മഴ ശക്തമാകും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോരമേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. ചൊവ്വാഴ്ചയോടെ കേരളത്തിൽ തുലാവർഷം തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് കോട്ടയത്തിന്റെ കിഴക്കൻ മേഖല. രാത്രിയിൽ ശക്തമായ മഴ ഒരു പ്രദേശത്തും രേഖപ്പെടുത്തിയില്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ ചാറ്റൽ മഴ ഉണ്ടായിരുന്നു. പുലർച്ചയോടെ അതും നിലച്ചു. ഇന്നലെ വൈകിട്ട് അര മണിക്കൂറോളം സമയമുണ്ടായിരുന്ന കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. മുണ്ടക്കയം വണ്ടംപതാലിൽ ആൾപ്പാർപ്പില്ലാത്ത മേഖലയിൽ മണ്ണിടിച്ചിലുണ്ടായി. എരുമേലിയിൽ ചെമ്പകപ്പാറ എസ്റ്റേറ്റിലെ തടയണതകർന്നു. മണിമലയാറ്റിലെ ജലനിരപ്പ് ഉയരുകയും കൈവഴി തോടുകൾ നിറഞ്ഞു കവിയും ചെയ്തതോടെ തീരത്തുള്ള വരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നിലവിൽ കോട്ടയം ജില്ലയിൽ 36 ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്. 1110 കുടുംബങ്ങളാണ് ക്യാമ്പുകളിൽ ഉള്ളത്.

പത്തനംതിട്ടയിൽ മലയോരമേഖലയിൽ ശക്തമായി പെയ്ത മഴ ഇന്നലെ അർദ്ധ രാത്രിയോടെ ശമിച്ചു. ആങ്ങമുഴി വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ജലനിരപ്പ് ഉയർന്ന കക്കാട്ടാറിൽ വെള്ളം ഇറങ്ങി തുടങ്ങി. റാന്നി കുറുമ്പൻമൂഴിയിലെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ അഞ്ചു വീട്ടുകാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. റോഡിൽ വെള്ളം കയറി മുടങ്ങിയ ഗതാഗതം പുനസ്ഥാപിച്ചു. പമ്പയിലും അച്ചൻകോവിലിലും കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉള്ള നടപടിയും തുടങ്ങി. ഇന്നലെ ഉരുൾപൊട്ടിയ സ്ഥലം ജില്ലാ കളക്ടറും ജനപ്രതിനിധികളും ഇന്ന് സന്ദർശിക്കും.

വായനാട് പുലർച്ചെ കനത്ത മഴ ഉണ്ടായിരുന്നു. മീനങ്ങാടിയിലെ ചിലയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടെങ്കിലും രാവിലെയോടെ വെള്ളം ഇറങ്ങി. തൃശ്ശൂരിലും മഴക്ക് ശമനമുണ്ട്. ചാലക്കുടിയിലും, അതിരപ്പിള്ളി ഉൾപ്പെടുന്ന മലയോര മേഖലയിൽ മഴ കുറവായിരുന്നു. ഇന്നലെ നിറഞ്ഞ കപ്പതോടിൽ ജലനിരപ്പ്‌ കുറഞ്ഞു. കോഴിക്കോട് ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ്. ഇന്നലെ രാത്രി കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ കോടഞ്ചേരിയിൽ രാവിലെ വെള്ളം ഒഴിഞ്ഞ് പോയി. രാത്രി പെയ്ത മഴയിൽ എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പാലക്കാട് ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. രാത്രി അട്ടപ്പാടി ഉൾപ്പടെയുള്ള മലയോര മേഖലയിൽ മഴ പെയ്തു. മുക്കാലി മന്തം പൊട്ടി പാലം കരകവിഞ്ഞൊഴുകിയിരുന്നു. രാവിലെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നഗരത്തിലുൾപ്പടെ തെളിഞ്ഞ കാലാവസ്ഥയാണ്.

Follow Us:
Download App:
  • android
  • ios