08:32 AM (IST) Aug 09

സൈനിക സഹായം ലഭിക്കും; കാലവര്‍ഷക്കെടുതി നേരിടാന്‍ നേരത്തെ ഒരുങ്ങിയെന്ന് റവന്യൂ മന്ത്രി

കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളം സര്‍വ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മേയ് മാസത്തില്‍ തന്നെ കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2018ലെ പ്രളയത്തിന്‍റെ അനുഭവത്തിലാണ് മുന്നൊരുക്കം നടത്തിയത്. കേരളം ആവശ്യപ്പെട്ട ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ബാച്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തുമെന്നും മന്ത്രി പറഞ്ഞു.

08:12 AM (IST) Aug 09

മാതമംഗലം - പയ്യന്നൂർ ഗതാഗതം നിലച്ചു

റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ മാതമംഗലം-പയ്യന്നൂർ റൂട്ടിൽ ഗതാഗതം നിലച്ചു

08:10 AM (IST) Aug 09

പുഴയിലേക്ക് അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകും

ചാലക്കുടി പുഴയിലേക്ക് പൊരിങ്ങൽകുത്ത് ഡാമിൽ നിന്നും കൂടുതൽ വെള്ളം ഒഴുകും എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്

08:10 AM (IST) Aug 09

പെരിയാർ, മൂവാറ്റുപുഴയാർ തീരത്തുള്ളവർ ശ്രദ്ധിക്കുക

മഴ തുടരുന്നതിനാൽ ഭൂതത്താൻകെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു വെച്ചിരിക്കുകയാണ് പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ശ്രദ്ധിക്കണം.

08:09 AM (IST) Aug 09

ചാലക്കുടി ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണം

പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലിൽ തടസം നേരിട്ട സാഹചര്യത്തിൽ, തുറന്നു വിട്ട വെള്ളം പൊരിങ്ങൽകുത്ത് ഡാമിലേക്ക് എത്തും. 400 ക്യുസക്സ് വെള്ളം 2 മണിക്കൂറിനുള്ളിൽ പൊരിങ്ങൽകുത്തിലും മൂന്നര മണിക്കൂറിനുള്ളിൽ ചാലക്കുടിയിലും എത്തും. തീരവാസികൾ ജാഗ്രത പാലിക്കണം.

08:04 AM (IST) Aug 09

വിലങ്ങാട് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ നാല് പേർ മണ്ണിനടിയിൽ കുടുങ്ങി

വിലങ്ങാട് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ നാല് പേർ മണ്ണിനടിയിൽ കുടുങ്ങി. 

07:36 AM (IST) Aug 09

കലിതുള്ളി പേമാരി: ഇന്ന് ആകെ മരണം ഏഴായി

വയനാട് പുത്തുമലയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടവണ്ണയിൽ കുടുംബത്തിലെ നാല് പേർ വീട് തകർന്ന് വീണ് മരിച്ചിരുന്നു. കുറ്റ്യാടിപുഴയിൽ ഇന്നലെ കാണാതായ രണ്ടുപേരുടെ മരണവും ഇന്ന് സ്ഥിരീകരിച്ചു.

07:34 AM (IST) Aug 09

മലപ്പുറത്ത് വീട് തകർന്ന് മണ്ണിനടിയിലായ നാല് പേർ മരിച്ചു

മലപ്പുറം എടവണ്ണ ഒതായിയിൽ വീട് തകർന്ന് മണ്ണിനടിയിൽ കുടുങ്ങിയ നാല് പേരും മരിച്ചതായി റിപ്പോർട്ട്

07:28 AM (IST) Aug 09

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ടവർ മരിച്ചു

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ട് പേരും മരിച്ചതായി വിവരം.

07:27 AM (IST) Aug 09

വീടുകളിൽ വെള്ളംകയറി; ചാലക്കുടിയിൽ നാല് ക്യാംപുകൾ തുറന്നു

ചാലക്കുടി പുഴയോരം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. ചാലക്കുടിയിൽ നാലു ക്യാമ്പുകൾ തുറന്നു

07:24 AM (IST) Aug 09

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർ മരിച്ചതായി വിവരം. ഇന്നലെ പത്ത് പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 15 ആയി. അതേസമയം വയനാട്ടിലെ മേപ്പാടിയിലടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്.

07:13 AM (IST) Aug 09

കോട്ടയം റൂട്ടിലും റെയിൽപാളത്തിൽ മരംവീണു

ഏറ്റുമാനൂർ - കോട്ടയം റെയിൽവേ പാതയിൽ മരം വീണതിനാൽ ട്രെയിൻ വൈകി ഓടുന്നു

07:05 AM (IST) Aug 09

ദേശീയ ദുരന്ത പ്രതികരണ സേന നിലമ്പൂരിൽ

കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഒറ്റപ്പെട്ട നിലമ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) എത്തി. രാവിലെ തന്നെ സേന രക്ഷാപ്രവര്‍ത്തനം തുടങ്ങും. നാടുകാണി ചുരത്തില്‍ കുടുങ്ങി കിടന്നവരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. വിശദമായ വാർത്ത വായിക്കാം

06:58 AM (IST) Aug 09

രണ്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

ആലപ്പുഴയിൽ റെയിൽപാളത്തിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടതിനാൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. എറണാകുളം- ആലപ്പുഴ (56379)
ആലപ്പുഴ-എറണാകുളം പാസഞ്ചറുകളാണ് ഇന്ന് സർവ്വീസ് നടത്തില്ലെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കിയത്.

06:52 AM (IST) Aug 09

നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു

കൊച്ചി നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടക്കുന്നുവെന്ന് സിയാൽ വക്താവ് അറിയിച്ചു. മഴ മാറിയാൽ ഞായറാഴ്ച വൈകിട്ട് മൂന്നിനേ വിമാനത്താവളം തുറക്കൂ.

06:50 AM (IST) Aug 09

കണ്ണൂർ നഗരത്തിൽ വെള്ളംകയറി; രക്ഷാപ്രവർത്തനം തുടരുന്നു

കണ്ണൂരിൽ നഗരത്തോട് ചേർന്ന പ്രദേശങ്ങൾ വരെ വെള്ളത്തിലാണ്. രാത്രി തുടങ്ങിയ രക്ഷ പ്രവർത്തനം ഇപ്പോഴു തുടരുകയാണ്.

06:49 AM (IST) Aug 09

ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു

ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ശിരുവാണി പുഴയുടെയും ഭവാനി പുഴയുടെയും തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

06:48 AM (IST) Aug 09

ഇടുക്കിയിൽ റെഡ് അലർട്ട് തുടരുന്നു; 800 പേർ ക്യാംപുകളിൽ

ഇടുക്കി ജില്ലയിൽ റെ‍ഡ് അലർട്ട് തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ ആരംഭിച്ച മഴ ഇപ്പോഴും ജില്ലയിൽ തുടരുകയാണ്. ഇന്നലെ രാത്രി പുതിയ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴക്കെടുതിയിൽ ജില്ലയിൽ മൂന്ന് പേർ ഇന്നലെ മരിച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ ഇടുക്കിയിൽ എത്തി. 5 താലൂക്കുകളിലായി 19 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നിരിക്കുന്നത്. 800ഓളം പേർ ഈ ക്യാമ്പുകളിലുണ്ട്. വിശദമായ വാർത്ത വായിക്കാം

06:44 AM (IST) Aug 09

മൂന്നാറിൽ മഴ കുറഞ്ഞു

മൂന്നാറിൽ മഴ കുറഞ്ഞുവെന്നാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല

06:41 AM (IST) Aug 09

കേരളത്തില്‍ കനത്ത ജാഗ്രത; 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് (ഓഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസർകോട് ജില്ലകളില്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. മഴ തുടര്‍ന്നതോടെ ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തും കൊല്ലത്തും അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗനവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്. വിശദമായ വാർത്ത വായിക്കാം