തിരുവനന്തപുരം: വായു ചുഴലിക്കാറ്റിന്‍റെ സാന്നിധ്യത്തെ തുടര്‍ന്ന് സംസ്ഥനത്ത് ഇന്നും പരക്കെ മഴ. കനത്ത മഴയും കാറ്റും മൂലം മരം വീണ് സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ മരിച്ചു. ഇന്നലെ കൊല്ലം തങ്കശ്ശേരിയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹവും ഇന്ന് കണ്ടെത്തി. സംസ്ഥാനത്തെ തീരമേഖലകളില്‍ കടുത്ത കടല്‍ക്ഷോഭം ഇന്നും തുടരുകയാണ്. നൂറുകണക്കിന് വീടുകളിലാണ് ഇന്ന് വെള്ളം കയറിയത്. കടല്‍ഭിത്തി കെട്ടാത്തതില്‍ പ്രതിഷേധിച്ച് ചെല്ലാനത്തും താനൂരിലും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. 

ഏഷ്യാനെറ്റ് ന്യൂസിന്‍റെ കീർത്തിമുദ്ര പുരസ്കാരം നേടിയ കർഷകൻ സിബി കല്ലിങ്കൽ കട്ടപ്പനയില്‍ മരം വീണ് മരിച്ചു. തൃശ്ശൂര്‍ സ്വദേശിയായ സിബി ഇടുക്കിയിലെ തോട്ടത്തില്‍ നിന്നും ഏലത്തൈകള്‍ വാങ്ങാനെത്തിയപ്പോള്‍ മരണം തലയിലേക്ക് വീണ് മരിക്കുകയായിരുന്നു. പരിക്കേറ്റ സിബിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരിച്ചിരുന്നു. 49 വയസ്സായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്വദേശമായ തൃശ്ശൂര്‍ പട്ടിക്കാടേക്ക് കൊണ്ടുപോയി. 

ഇടുക്കി ആനവിലാസത്ത് കനത്ത മഴയിൽ മരം വീണു തോട്ടം തൊഴിലാളി മരിച്ചു. ശാസ്താംനട സ്വദേശിനി സരസ്വതിയാണ് മരിച്ചത്.  ഏലതോട്ടത്തിൽ പണിയെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊല്ലം തങ്കശ്ശേരിയിൽ ഇന്നലെ കടപ്പുറത്ത് നടക്കുന്നതിനിടെ തിരയിൽ പെട്ടു കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. തങ്കശ്ശേരി സ്വദേശി ആഷിഖിന്‍റെ മൃതശരീരമാണ് ഇന്ന് കണ്ടെത്തിയത്. 

സംസ്ഥാനവ്യാപകമായി തീരമേഖലകളില്‍ കനത്ത കടല്‍ക്ഷോഭമാണ് ഇന്നലെയും ഇന്നും റിപ്പോര്‍ട്ട് ചെയ്തത്. താനൂരിലും ചെല്ലാനത്തും നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. കടൽഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ച് താനൂരിലെ മത്സ്യത്തൊഴിലാളികള്‍  മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പൊന്നാനി.ആറാട്ടുപുഴ, അമ്പലപ്പുഴ, കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാണ്. പൊന്നാനിയില്‍ 12 വീടുകള്‍ പൂര്‍ണമായും അന്‍പത് വീടുകള്‍ ഭാഗീകമായും തകര്‍ന്നു. 

ചെല്ലാനം കടപ്പുറം സന്ദര്‍ശിക്കാന്‍ എത്തിയ എറണാകുളം ജില്ലാ കളക്ടര്‍ മഴക്കെടുതി നേരിടുന്ന മത്സ്യത്തൊഴിലാളികളെ കണ്ട് ചര്‍ച്ചയ്ക്ക് തയ്യാറാവഞ്ഞത് പ്രതിഷേധത്തിന് കാരണമായി. ചെല്ലാനത്ത് കടൽക്ഷോഭം തടയാൻ രണ്ടു ദിവസത്തിനകം ജിയോ ബാഗ് സ്‌ഥാപിക്കും സമര സമിതിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനുള്ള നിര്‍ദേശം ജലസേചന വകുപ്പിന് നല്‍കിയിട്ടുണ്ട്. 

കടല്‍ക്ഷോഭം തടയാന്‍ നേരത്തെ കെട്ടിയ കടല്‍ഭിത്തി തകര്‍ന്നത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന് സമര സമിതി  ആവശ്യപ്പെട്ടു. കല്ല് കൊണ്ടുള്ള ദ്രോണാചാര്യ മോഡൽ പുലിമുട്ട് എന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. വീടുകളില്‍ വെള്ളം കയറിയ മത്സ്യത്തൊഴിലാളികള്‍ ദുരിതാശ്വാസ ക്യാംപിലേക്ക് പോകില്ലെന്നും അവര്‍ക്ക് വാടകയ്ക്ക് വീട് എടുക്കാന്‍ ധനസഹായം നല്‍കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. 

അതേസമയം കടൽ ക്ഷോഭം നേരിടാൻ ജനകീയ സമിതികൾ രൂപീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കരാറുകാർക്ക് പകരം മത്സ്യതൊഴിലാളികളെ ഉപയോഗിച്ച് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പദ്ധതിയുടെ ഏകോപന ചുമതല ജില്ലാ കളക്ടര്‍ വഹിക്കും. 

മണൽചാക്ക് നിറച്ച് താൽക്കാലിക തീരഭിത്തി തീർക്കും. അതിനാവശ്യമായ പണം ദുരന്തനിവാരണ ഫണ്ടിൽ നിന്നും നൽകും. കടല്‍ ക്ഷോഭം രൂക്ഷമായ ചെല്ലാനത്ത് നാളെ മുതൽ ജനകീയ സമതിയുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. 

പാലക്കാട് ജില്ലയിലെ മേഴത്തൂരിൽ കരിങ്കൽ ക്വാറിയിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേർക്ക് പരിക്ക്. ആലൂർ സ്വദേശി പ്രഭാകരൻ ഒറീസ സ്വദേശി സഞ്ജയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ മഴയിൽ കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിലേക്ക് മരം കടംപുഴുകി വീണ് ഗതാഗതം തടസപ്പെട്ടു. കെ.എസ്.ആർ.ടി.സി ഡിപ്പോ ജംക്ഷനിലാണ് തണൽ മരം കടപുഴകി വീണത്.