തിരുവനന്തപുരം: നിര്‍ത്താതെ പെയ്യുന്ന പേമാരിയില്‍ സംസ്ഥാനത്തെ മലയോരമേഖലകളില്‍ വന്‍നാശനഷ്ടങ്ങളാണ് ഇന്നുണ്ടായത്. വയനാട്, കോഴിക്കോട്, കണ്ണൂര്‍,മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് കാലവര്‍ഷം കൂടുതല്‍ നാശം വിതച്ചത്. മലബാറിലെ മലയോരമേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി. പുഴകള്‍ പലതും കരകവിഞ്ഞൊഴുകുകയാണ്. പല ഡാമുകളും ഇതിനോടകം തുറന്നുവിട്ടു. 

മഹാപ്രളയത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടുമൊരു പ്രളയഭീതിയിലാണ് കേരളം. അതേസമയം കാലവര്‍ഷം ശക്തമായത് മൂലമുള്ള പ്രശ്നങ്ങള്‍ അല്ലാതെ മഹാപ്രളയം പോലൊരു സ്ഥിതി വിശേഷത്തിന് സാധ്യതയില്ലെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ പ്രാദേശികപ്രളയത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

രാത്രിയിലും മഴ ശക്തമായതിനെ തുടര്‍ന്ന് ഉന്നതതലയോഗം വിളിച്ച് സ്ഥതിഗതികള്‍ വിലയിരുത്തിയ മുഖ്യമന്ത്രി ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും എന്നാല്‍ ചിലയിടങ്ങളില്‍ ഗൗരവകരമായ അവസ്ഥയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ പകുതിയിലേറെ ജില്ലകളിലും ശക്തമായ മഴ രാത്രിയിലും തുടരുമ്പോള്‍  പല സ്ഥലങ്ങളിലും പലതരം പ്രതിന്ധികളാണ് മുന്നില്‍. 


1. പുത്തുമല ദുരന്തം

വയനാട് കല്‍പറ്റയില്‍ മേപ്പാടിക്ക് സമീപമുള്ള ഏസ്റ്റേറ്റ് മേഖലയാണ് പുത്തുമല. ഇവിടെ പുത്തുമല, പച്ചക്കാട് എന്നീ മലകള്‍ക്കിടയിലൂടെ ഇന്ന് വൈകുന്നേരമുണ്ടായ  ഉരുള്‍പൊട്ടലാണ് ഇപ്പോള്‍ കേരളത്തിന്‍റെ നെഞ്ചിടിപ്പേറ്റുന്നത്. ഹാരിസണ്‍ മലയാളത്തിന്‍റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് മേഖലയായ ഇവിടെ തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ക്ഷേത്രം, മുസ്ലീം പള്ളി, ഒരു കാന്‍റീന്‍, എഴുപതോളം വീടുകള്‍ എന്നിവ ഒലിച്ചു പോയെന്നാണ് പുറത്തു വരുന്ന വിവരം. ഇന്നലെ രാത്രി മുതല്‍ പുത്തുമലയില്‍ ചെറിയ തോതില്‍ ഉരുള്‍ പൊട്ടലുണ്ടായിരുന്നു ഇതേ തുടര്‍ന്ന് ഇവിടെ നിന്നും ആളുകള്‍ മാറിതാമസിച്ചു. എന്നാല്‍ ആളുകള്‍ മാറിതാമസിച്ച സ്ഥലമടക്കം ഇപ്പോള്‍ മണ്ണിനടിയിലാണെന്നാണ് സംശയിക്കുന്നത്.  

ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായ വിവരം മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് സഹദാണ് ഏതാനും സെക്കന്‍ഡുള്ള മൊബൈല്‍ വീഡിയോയായി പകര്‍ത്തി പുറം ലോകത്തെ അറിയിച്ചത്. എന്നാല്‍ ദിവസങ്ങളായി വൈദ്യുതി ഇല്ലാത്തതിനാല്‍ സഹദ് അടക്കം പ്രദേശത്തുള്ള ആരേയും മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. അപകടവിവരമറിഞ്ഞ് സൈന്യത്തേയും ദേശീയദുരന്തനിവാരണസേനയേയും ജില്ലാ ഭരണകൂടം അവിടേക്ക് അയക്കുകയും രാത്രിയോടെ സംഭവസ്ഥലത്ത് എത്തിയ ഇവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 

മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിയ ശേഷം സബ്ബ് കളക്ടറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് എത്തി. എന്നാല്‍ എന്താണ് പുത്തുമലയിലെ ശരിയായ ചിത്രമെന്ന് ഇനിയും വ്യക്തമല്ല.ഒറ്റപ്പെട്ട മേഖലയായ പുത്തുമലയിലേക്കുള്ള യാത്ര ദുര്‍ഘടമായ പാതയിലൂടെയാണ്. ഇവിടേക്കുള്ള ഗതാഗതം ഇപ്പോള്‍ പൊലീസ് നിയന്ത്രണത്തിലാണ്. അവിടേക്ക് പോയവരെ ആരേയും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. പോയവര്‍ ആരും മടങ്ങിയെത്തുകയും ചെയ്തിട്ടില്ല. നേരം വെളുത്താല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്നറിയാന്‍ സാധിക്കൂവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. 

അതേസമയം മണ്ണിടിച്ചില്‍ തടസമായതോടെ നാളെ രാവിലെ ആറ് മണിവരെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതുവരെ പത്ത് പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ല എന്നതാണ് ആശ്വാസകരമായ വാര്‍ത്ത. അതേസമയം രാത്രി വൈകിയും മഴ തുടരുന്ന സാഹചര്യം ആശങ്ക ജനിപ്പിക്കുന്നു. എത്രപേര്‍ കുടുങ്ങിപ്പോയി എന്നതിനെക്കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തു വരുന്നു. 

2. പേമാരിയില്‍ മുങ്ങി വയനാട്

കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തിലും ഭീകരമായ ദുരിതമാണ് മൂന്ന് ദിവസം പെയ്ത കനത്ത മഴയില്‍ വയനാട് ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. മൂന്ന് ദിവസം തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന് ജില്ലയുടെ പലഭാഗത്തും നദികള്‍ കരകവിഞ്ഞൊഴുകി, വ്യാപകമായി ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. മൂന്ന് പേരാണ് വയനാട് ജില്ലയില്‍ ഇന്നു വിവിധ അപകടങ്ങളില്‍ മരിച്ചത്. 8000-ത്തിലേറെ പേര്‍ ഇതുവരെ നൂറോളം ക്യാംപുകളിലായി അഭയം പ്രാപിച്ചു. രാത്രി വൈകിയും മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരുപക്ഷേ കൂടുതല്‍ പേരെ ഇനിയും മാറ്റിപാര്‍പ്പിക്കേണ്ടി വരും. കോഴിക്കോട്-വയനാട് ദേശീയപാതയിലൂടെയുള്ള ഗതാഗതം  പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്. 

3. കരകവിഞ്ഞൊഴുകുന്ന നദികള്‍ 

സംസ്ഥാനത്തെ പല നദികളും കരകവിഞ്ഞൊഴുകുകയാണ്.  രാത്രിയിലും ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പയാര്‍, ചാലിയാര്‍, ഭവാനി പുഴകളുടെ തീരത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ആശങ്കയുടെ തീവ്രതയേറ്റി കേന്ദ്ര ജലകമ്മീഷന്‍റെ അറിയിപ്പും ഇപ്പോള്‍ പുറത്തു വരുന്നു. അതി തീവ്ര മഴയുടെ സാഹചര്യത്തിൽ കേരളത്തിലെ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായാണ് കേന്ദ്രജലകമ്മീഷന്‍റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്നുമുള്ള അറിയിപ്പ്. രാത്രി വൈകിയും മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു.

4.  ദുരിതപെയ്ത്തില്‍ ഒറ്റപ്പെട്ട് നിലമ്പൂര്‍ 

മലപ്പുറത്തെ നിലമ്പൂരും പരിസരപ്രദേശങ്ങളും കനത്തമഴയില്‍ പൂര്‍ണമായും ഒറ്റപ്പെട്ടു., 2 മീറ്ററിലധികം വെള്ളമുയർന്നതോടെ ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിലായി. നിലമ്പൂരിൽ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയിൽ നാളെയും റെഡ് അലർട്ട് തുടരും. പുലർച്ചെയോടെ കരുളായി വനത്തിൽ ഉരുൾ പൊട്ടിയതിനു പിന്നാലെയാണ് ചാലിയാർ കരകവിഞ്ഞാഴുകിയത്. കോഴിക്കോട് ഗൂഡല്ലൂർ അന്തർ സംസ്ഥാന പാതയിൽ ഇതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. മഴ നിർത്താതെ പെയ്യുന്നതിനാൽ രാത്രിയിലും വെള്ളം വീണ്ടും ഉയരുകയാണ്. ഇരുവശവും ചരക്കു ലോറികളടക്കം കുടുങ്ങിക്കിടക്കുന്നു.  സംസ്ഥാന പാതയ്ക്കിരുവശവും നിരവധി വീടുകളിൽ വെള്ളം കയറി. 

നാടുകാണി ചുരത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും കാരണം യാത്രക്കാർ മണിക്കൂറുകളോളം  കുടുങ്ങി. ഇരു സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളും അടച്ചു. നിലമ്പൂരേക്കുള്ള യാത്രകൾ മാറ്റി വെക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.  കരുളായി കോളനിയിലുള്ളവരെ അഞ്ച് ദുരിദാശ്വാസ ക്യാമ്പുകളിലായി മാറ്റിയിട്ടുണ്ട്. ജില്ലയിലാകെ 12 ക്യാമ്പുകളിലായി 846 പേരുണ്ട്. നാടുകാണിയില്‍ അന്‍പതോളം പേര്‍ കുടുങ്ങിയത് വലിയ ആശങ്ക സൃഷ്ടിച്ചെങ്കിലും രാത്രിയോടെ ഇവരെയെല്ലാം നാടുകാണി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. 

കഴിഞ്ഞ പ്രളയ സമയത്ത് ഉരുൾപൊട്ടി അഞ്ച് പേർ മരിച്ച മതിൽമൂല നമ്പൂതിരിപ്പെട്ടിയിൽ 14 വീടുകളിൽ വെള്ളം കയറി.  കരുളായി ചെമ്മംതോട് ഭഗവതി ക്ഷേത്ര ശ്രീകോവിൽ വെള്ളത്തിൽ മുങ്ങി. മലപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളിലും മഴ കാര്യമായ നാശം വിതച്ചു. തിരൂർ  താലൂക്കിലെ  തീരപ്രേദേശ  വില്ലേജുകളിൽ  ശക്തമായ  കാറ്റിലും മഴയിലും  30 ൽ  പരം  വീടുകൾക്കു  ഭാഗിക  നാശനഷ്ടമുണ്ടായി. പെരിന്തൽമണ്ണ മണ്ണാർമലയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ്  രണ്ട് പേർക്ക് പരിക്കേറ്റു. ഇടവിട്ടിടവിട്ട് ശക്തമായ മഴ ജില്ലയില്‍ തുടരുകയാണ്. 

5. ഹൈറേഞ്ചില്‍ ആശങ്ക

കനത്ത മഴയില്‍ ഇടുക്കിയില്‍ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണ്. ആഗസ്റ്റ് 15 വരെ ജില്ലയില്‍ വിനോദസഞ്ചാരികളെ വിലക്കിയിട്ടുണ്ട്.  ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെട്ട് അവിടെയുള്ള സഞ്ചാരികളെ തിരിച്ചയക്കുന്നുമുണ്ട്. വൈകുന്നേരത്തോടെ താത്കാലികമായി പിന്‍മാറിയ മഴ രാത്രിയോടെ വീണ്ടും ശക്തമായിട്ടുണ്ട്. രാത്രിക്കാല യാത്രക്ക് കര്‍ശനമായ വിലക്കാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയത്. മൂന്ന് ദിവസമായി മഴ തുടരുന്നതിനാല്‍ പലയിടത്തും മണ്ണിടിച്ചില്‍ ഭീഷണി നേരിടുകയാണ്. ഇടുക്കിയിലെ പത്തോളം സ്ഥലങ്ങളില്‍ ഇന്ന് ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. ഇടുക്കിയിലെ അഞ്ച് ഡാമുകളും ഇന്നു തുറന്നു വിട്ടു. ദുരിതബാധിതര്‍ക്കായി ഒന്‍പത് ക്യാംപുകളും തുറന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാംപുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നാല് പേരാണ് ഇവിടെ മരിച്ചത്. 

6. ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും നിറഞ്ഞൊഴുകി പമ്പ

മൂഴിയാര്‍ ഡാം തുറന്നുവിടുകയും രാത്രിയില്‍ മഴ ശക്തമാക്കുകയും ചെയ്തതോടെ പത്തനംതിട്ട ജില്ലയില്‍ ആശങ്ക ശക്തമായി. രാത്രി വൈകിയും മഴ തുടരുകയും പമ്പയാറിലെ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ പമ്പയുടെ തീരത്തു നിന്നും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഭയപ്പെടുത്തുന്ന പ്രളയത്തിന്‍റെ ഓര്‍മകളില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ തന്നെ പലരും ബന്ധുവീട്ടുകളിലേക്കും മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കും അവശ്യവസ്തുകളുമായി മാറി. 

7. കോഴിക്കോട് റെഡ് അലര്‍ട്ട് തുടരുന്നു

കനത്തമഴയിൽ കോഴിക്കോട് ജില്ലയിൽ 1100 ലേറെ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചാലിയാര്‍, ഇവഴഞ്ഞി പുഴകള്‍ കരകവിഞ്ഞ് 300ലേറെ വീടുകളി വെള്ളം കയറി. രാത്രിയും മഴ തുടരുന്നതോടെ മലയോര മേഖല ഉരുൾപൊട്ടൽ ഭീതിയിലാണ്. കനത്ത മഴയില്‍ കോഴിക്കോട് ചെമ്പുകടവ്  പോത്തുണ്ടി പാലം ഒലിച്ചു. പോയി.നൂറാം തോട്,ചിപ്പിലിത്തോട്, അടിവാരം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ചാലിപ്പുഴയിൽ ജലനിരപ്പ് വൻതോതിൽ  കൂടി . കോഴിക്കോട് വടകര ചെമ്മരത്തൂരിൽ യുവാവ് മിന്നലേറ്റ് മരിച്ചു. തയ്യുള്ളതിൽ ലിബേഷ് (35) ആണ്  മരിച്ചത്. മൈസുരു-കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതം മുടങ്ങിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി കര്‍ണാടകയിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. കോഴിക്കോട് താലൂക്കിൽ 84 വീടും കൊയിലാണ്ടിയിൽ 81 ഉം വടകര 66 വീടും ഭാഗികമായി തകർന്നു.  അടിയന്തര സാഹചര്യം പ്രമാണിച്ച് കോഴിക്കോട് ജില്ലയിലെ ലീവിലുള്ള എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ലീവ് റദ്ദാക്കി ജോലിയിൽ പ്രവേശിക്കേണ്ടതാണെന്ന് ജില്ലാകളക്ടർ അറിയിച്ചു

8. അട്ടപ്പാടിയില്‍ ഒറ്റപ്പെട്ട് ഊരുകള്‍

കനത്തമഴയിൽ അട്ടപ്പാടി ഉൾപ്പെടെ പാലക്കാട്ടെ മലയോരമേഖലയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഷോളയൂരിൽ വീടിനുമുകളിൽ മരം വീണ് ഒരാൾ മരിച്ചു. മണ്ണിടിച്ചിലെ തുടർന്ന് അട്ടപ്പാടി ചുരംവഴിയുളള യാത്ര താത്കാലികമായി നിരോധിച്ചു. പാലക്കാട് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ കനത്ത വെളളക്കെട്ടുണ്ട്. ജില്ലയിൽ ഇതുവരെ 3 ദുരിതാശ്വാസ ക്യാംപുകളിലായി 40 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മൂന്നുദിവസമായി കനത്തമഴയാണ് അട്ടപ്പാടിയിലെ ഷോളയൂർ, പുതൂർ മേഖലകളിൽ. ഭവാനിപ്പുഴ കരകവിഞ്ഞതോടെ ചെമ്മണ്ണൂർ മേഖലയിലെ മിക്ക വീടുകളിലും വെളളം കയറി. ഷോളയൂർ ചുണ്ടംകുളം ഊരിലെ വീടിനുമുകളിൽ മരം വീണ് കാരയാണ് മരിച്ചത്.

ഇന്നു പുലർച്ചെയാണ് സംഭവം.  ഷോളയൂർ , പുതൂർ, അഗളി മേഖലകളിൽ മണ്ണിടിഞ്ഞ് വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്. ഷോളയൂർ മാറനട്ടിയിൽ 10 കുടുംബങ്ങൾ ഒറ്റപ്പെട്ടു. അടിയന്തിര രക്ഷാപ്രവർത്തനത്തിന് അഗ്നിശമനസേനെ അട്ടപ്പായിലേക്ക് നിയോഗിച്ചിട്ടുണ്ട്.  സൈലന്റ് വാലി വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുർന്ന് കുന്തിപ്പുഴയിലെ ജലനിരപ്പുയർന്നിട്ടുണ്ട്. പാലക്കാട് നഗരത്തിലെ കൽപ്പാത്തി,  മലമ്പുഴ തുടങ്ങിയ ഇടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലാണ്. നഗരത്തിൽ ഇടവിട്ട കനത്ത മഴ തുടരുകയാണ്.

9. ഉരുള്‍പൊട്ടല്‍ ഭീതിയില്‍ കണ്ണൂരിലെ മലയോരമേഖല
കണ്ണൂർ പാമ്പുരുത്തിയില്‍ നൂറോളം വീടുകളിൽ വെള്ളം കയറി. കണ്ണൂരിലെ ശ്രീകണ്ഠാപുരം നഗരം പൂർണമായും വെള്ളത്തിലായി ഒറ്റപ്പെട്ടു. ഇരിക്കൂർ തളിപ്പറമ്പ് സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം നിലച്ചു.  കടകളെല്ലാം പകുതിയോളം മുങ്ങി. സമീപ പ്രദേശത്തെ വീടുകളിലും വെള്ളം കയറി. കണ്ണൂരിൽ ശക്തമായ മഴയും ഉരുൾപൊട്ടലും ഭീതി വിതക്കുകയാണ്.  പുഴകൾ കര കവിഞ്ഞു ഇരിട്ടി നഗരത്തിലും ശ്രീകണ്ഠപുരത്തും മട്ടന്നൂരിന്റെ ഭാഗങ്ങളിലും കൊട്ടിയുരിലും വെള്ളം കയറി. 10 ക്യാമ്പുകളിയിലായി അഞ്ഞൂറിലധികം പേരെ മാറ്റി പാർപ്പിച്ചു.  കൊട്ടിയൂർ മേഖലയില്‍ ഉരുൾപൊട്ടൽ ഭീഷണിയിലാണ്.  മലയോരത്ത് കാറ്റിലും മഴയിലും വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടമുണ്ടായി.

വനത്തിനുള്ളിൽ ശക്തമായ ഉരുൾ പൊട്ടലിൽ പുഴകളിൽ ഓരോ മണിക്കൂറിലും ഒഴുക്ക് വർധിക്കുകയാണ്.  ഇരിക്കൂർ നെടുവല്ലൂർ, മട്ടന്നൂർ വെളിഹമ്പ്രം, ശ്രീകാൻസാപുരം ടൌൺ, ഇരിട്ടി ടൌൺ, കൊട്ടിയൂർ എന്നിവിടങ്ങളിൽ വെള്ളം കയറിയ നിലയിലാണ്.  ശ്രീകണ്ഠാപുറത്ത് ബോട്ടുകളിൽ ഫയർഫോഴ്‌സ്  അടക്കം ചേർന്നു ആളുകളെ മാറ്റി. വള്ളിത്തത്തോട്, കൂട്ടുപുഴ മുതൽ
ഇരിട്ടി ടൗണ് വരെ വെള്ളം ഉയരുകയാണ്.  കൊട്ടിയൂർ മേഖലയിൽ കാണിച്ചാർ ടൗണിൽ രവിലെയുണ്ടായ ചുഴലിക്കാറ്റ് വലിയ നാശം വിതച്ചു. കെട്ടിടങ്ങളും കൃഷിയിടങ്ങളും തകർന്നു. കഴിഞ്ഞ തവണ വലിയ നാശമുണ്ടായ കൊട്ടിയൂരിൽ ഉരുൾപൊട്ടൽ ഭീഷണി ശക്തമാവുകയാണ്.  നെല്ലിയോടി, അട്ടിക്കുളം മലകളിൽ ഉരുൾപൊട്ടി.  കൃഷി സ്ഥലങ്ങള്‍ നശിച്ചു.  വീടുകൾക്ക് നാശം സംഭവിച്ചു. പുഴകൾ എല്ലാം കര കവിഞ്ഞ് ഒഴുകുന്നതിനാൽ കണ്ണൂരിൽ  ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്.  പുഴയോരത്തുള്ളവരോട് മാറി താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

10. വീണ്ടും അടച്ചിട്ട്  നെടുമ്പാശ്ശേരി 

കനത്ത മഴയില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടിരുകയാണ്. വിമാനത്താവളത്തില്‍ അന്താരാഷ്ട്ര സര്‍വ്വീസ് ഏരിയയോട് ചേര്‍ന്നാണ് വെള്ളം കയറിയിരിക്കുന്നത്.പെരിയാറില്‍ ജലനിരപ്പ് ഉയരാത്ത സാഹചര്യത്തില്‍ പമ്പ് വച്ച് വെള്ളം കളയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാവിലെ ഒന്‍പത് മണി വരെയാണ് നിലവില്‍ വിമാനത്താവളം അടച്ചിട്ടത്. അത് നീട്ടണമോ എന്ന കാര്യത്തില്‍ രാവിലെ ആറ് മണിയോടെ തീരുമാനമുണ്ടാവും.