Asianet News MalayalamAsianet News Malayalam

Kerala Rain :മഴ തുടരും,13 ജില്ലകളിൽ യെല്ലോ അലർട്ട്, കൊച്ചിയിൽ വെളളക്കെട്ട് , കുട്ടനാട്ടിൽ വീടുകളിൽ വെള്ളം കയറി

കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം

heavy rain continues in kerala
Author
First Published Aug 30, 2022, 5:30 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. ഒറ്റപ്പെട്ട മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. കക്കി ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്

പത്തനംതിട്ടയിലും കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. കോട്ടയം മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിൽ 43 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് അവധി. മുൻ നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ല. 

എറണാകുളം ജില്ലയിൽ രാത്രി തുടങ്ങിയ മഴയ്ക്ക് ശമനമില്ല. കൊച്ചി നഗരത്തിലും മഴ തുടരുകയാണ്. കൊച്ചി നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കലൂർ അടക്കമുള്ള സ്ഥലങ്ങളിലും വെള്ളക്കെട്ട് ഉണ്ട് . കലൂർ സ്റ്റേഡിയം റോഡ് വെള്ളത്തിൽ മുങ്ങി.കലൂർ വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു ഹൈക്കോടതിക്കു മുന്നിലും വലിയ വെള്ളക്കെട്ട് ഉണ്ട്. അതേസമയം പെരിയാർ അടക്കമുള്ള പുഴകളിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല

ആലപ്പുഴയിൽ രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ  കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു. കിഴക്കൻ  വെള്ളത്തിന്റെ വരവും കൂടി . എന്നാൽ ജലനിരപ്പ് അപകടകരമായ നിലയിൽ എത്തിയിട്ടില്ല. നീരേറ്റുപുറം, കാവാലം, നെടുമുടി, ചമ്പക്കുളം മങ്കൊമ്പ്, പള്ളാത്തുരുത്തി, വീയപുരം, പള്ളിപ്പാട് മേഖലകളിലാണ് ജലനിരപ്പ് ഉയർന്നത്. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ  ഇന്ന് അവധി പ്രഖ്യാപിച്ചു.

കാസർകോട് കാനത്തൂരിൽ ചെറിയ കുന്നിടിഞ്ഞു.  കുണ്ടുച്ചിയിൽ കുമാരൻ എന്നയാളുടെ വീടിന്റെ പുറക് വശത്തേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. ആർക്കും പരിക്കില്ല.  പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

വെള്ളക്കെട്ടിൽ നിന്നുള്ള ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം തീക്കോയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. തീക്കോയ് സെന്‍റ് മേരീസ് സ്കൂളിലെ വിദ്യാ‍ർഥിനികളാണ് സ്കൂളിൽ നിന്നും തിരികെ വരുന്നതിനിടെ റോഡിലെ ഒഴുക്കിൽ കാൽ വഴുതി വീണത്. ശക്തമായ ഒഴുക്കിൽ അതിവേഗം ഇവര്‍ താഴോട്ട് പോയി. വിദ്യാ‍ർഥിനികൾ ഒഴുക്കിൽപ്പെട്ടത് കണ്ട് ഓടിയെത്തിയ അയൽവാസിയായ റിട്ടേയേര്‍ഡ് അധ്യാപകൻ ഇരുവരേയും രക്ഷിക്കുകയായിരുന്നു. മീനച്ചിലാറ്റിൽ നിന്നും കേവലം 25 മീറ്റര്‍ അകലെ വച്ചാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. 

ഇടമലയാര്‍ ഡാം തുറന്നു: പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം, പുഴയിൽ ഇറങ്ങുന്നതിന് വിലക്ക്

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിലെ ഷട്ടറുകൾ തുറന്നു. ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പെരിയാറിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടമലയാര്‍ ഡാമിൻ്റെ രണ്ട് ഷട്ടറുകൾ അൻപത് സെ.മീ വീതം ഉയര്‍ത്തിയാണ് ഇപ്പോൾ വെള്ളം പുറത്തേക്ക് ഒഴുകി വിടുന്നത്. വൃഷ്ടിപ്രദേശത്ത് നിന്നുള്ള നീരൊഴുക്കും മഴയും കണക്കിലെടുത്ത് അൻപത് മുതൽ നൂറ് സെ.മീ വരെ ഷട്ടറുകൾ ഉയര്‍ത്തി  68 മുതല്‍ 131 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുക. ഡാമിലെ നിലവിലെ ജലനിരപ്പ് 164.05 മീറ്ററാണ്. 164 മീറ്ററിലാണ് ഷട്ടറുകൾ തുറക്കുക.  

ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ രേണുരാജ് അറിയിച്ചു. പുഴ മുറിച്ചു കടക്കുന്നതും, മീന്‍ പിടിക്കുന്നതും, പുഴയില്‍ വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്കിന് സാധ്യതയുള്ളതിനാല്‍ പെരിയാറിലും കൈവഴികളിലും കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. 

തൊടുപുഴ കുടയത്തൂരിൽ ഇന്നലെ ഉണ്ടായ  ഉരുൾപൊട്ടലിൽ ഒരു കുഞ്ഞു ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കുടയത്തൂർ  സ്വദേശി സോമൻ, അമ്മ തങ്കമ്മ, ഭാര്യ ജയ, മകൾ ഷിമ, ഷിമയുടെ മകൻ ദേവനന്ദ്  എന്നിവരാണ് മരിച്ചത്. അഞ്ചു മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങൾ  കണ്ടെടുത്തത്. ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. വീട് പൂർണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിച്ചത്. 

Follow Us:
Download App:
  • android
  • ios