പാലക്കാട്: കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന പാലക്കാട് അട്ടപ്പാടിയിൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ. വിവിധ ഊരുകളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ പൂർണ്ണമായും തകർന്നതാണ് രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കിയത്. മഴ ശക്തമായതോടെ അട്ടപ്പാടിയിലെ പല ഈരുകളും പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.

കൂടൻചാള, കാരയൂർ, വണ്ണാന്തറ എന്നീ മൂന്ന് ഊരുകളെ അ​ഗ്ളിയുമായി ബന്ധിപ്പിച്ചിരുന്ന വണ്ണാന്തറയിലെ പാലം പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഗതാ​ഗതം തടസ്സപ്പെട്ടതോടെ പത്ത് കിലോമീറ്റർ ചുറ്റിവളച്ചാണ് അ​ഗ്ളിയടക്കമുള്ള പ്രദേശങ്ങളിൽ പോകാൻ കഴിയുകയുള്ളുവെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ മോട്ടോർ വെള്ളപ്പാച്ചിൽ ഒലിച്ചുപോയിരിക്കുകയാണ്. അതിനാൽ കുടുവെള്ളമില്ലാതെ കഷ്ടപ്പെടുകയാണ് അട്ടപ്പാടിയിലെ ജനങ്ങൾ. നാല് ദിവസമായി പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.

"

വണ്ണാന്തറ പാലത്തെ ആശ്രയിക്കുന്ന മൂന്നുറിലേറെ കുടുംബങ്ങളാണ് ​പാലം തകർന്നതോടെ ദുരുതത്തിലായിരിക്കുന്നത്. ആശുപത്രിയിൽ പോകുന്നതിനുമൊക്കെ വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രിയിൽ മഴ നേരിയ തോതിൽ കുറഞ്ഞിട്ടുണ്ടെങ്കിലും ദിവസങ്ങളോളം നിർത്താതെ പെയ്ത മഴയെത്തുടർന്ന് ദുരിതത്തിലായിരിക്കുകയാണ് അട്ടപ്പാടിയിൽ ജനങ്ങൾ. പാലക്കാട് ജില്ലയിലും മഴയ്ക്ക് നേരിയ തോതിൽ ശമനമുണ്ട്. ജില്ലയില്‍ മൂവായിരത്തിലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.